ഇവരായിരിക്കും ഭാവി നായകന്മാർ; മനസ്സ് തുറന്ന് രോഹിത് ശര്‍മ
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരിയതോട് കൂടി വലിയ പ്രശംസയാണ് നായകനായ രോഹിത് ശർമക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്ന കളിക്കാരെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ടി 20 പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ശര്‍മ മനസ്സ് തുറന്നത്.
കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവരെയാണ് ഭാവിയില്‍ ദീര്‍ഘകാല നായക സ്ഥാനത്തേക്ക് ടീം ഇന്ത്യ കാണുന്നതെന്ന് രോഹിത് വ്യക്തമാക്കി. ഭാവി നായകരാണെങ്കിലും ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ലെന്നും അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു.
“അവരോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവര്‍ക്ക് അതൊക്കെ മനസിലാക്കി ചെയ്യാനുള്ള പക്വതയുണ്ട്. അവര്‍ക്കൊരു മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമെ വേണ്ടു. അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. അങ്ങനെയാണ് ഞങ്ങളും വളര്‍ന്നത്. ഞങ്ങളെയും പലരും ഇതുപോലെ വളര്‍ത്തിക്കൊണ്ടുവന്നതാണ്. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്” – രോഹിത് പറഞ്ഞു.
“രാഹുലിന്‍റെയും പന്തിന്‍റെയോ ബുമ്രയുടെയോ കാര്യമെടുത്താല്‍ ഇന്ത്യന്‍ ജയങ്ങളില്‍ വലിയ പങ്കു വഹിക്കാനുള്ളവരാണ് അവര്‍. അവരെയാണ് ടീം മാനേജ്മെന്‍റ് ഭാവി നായകന്‍മാരായി കാണുന്നതും. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്തം അവര്‍ തിരിച്ചറിയുന്നുണ്ടാകും. പക്ഷെ അതിനുവേണ്ടി അവരില്‍ അമിത സമ്മര്‍ദ്ദം ചെലുത്തില്ല. കാരണം അവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്. അവര്‍ അവരുടെ കളി ആസ്വദിച്ചു കളിക്കട്ടെ” -രോഹിത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച വേളയിലാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യുവതാരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രോഹിത്തിനുണ്ടെന്ന് വ്യക്തമാക്കിയത്. ടെസ്റ്റ് ടീമിന്‍റെയും നായകനായി രോഹിത്തിനെ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇത്.
Story Highlights: Rohith Sharma about future captains