ഇരട്ട റെക്കോർഡിനരികെ രോഹിത് ശർമ്മ; വിൻഡീസിനെതിരെ ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കെ പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ലക്ഷ്യമിടുന്നില്ല. അതെ സമയം ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്ന റെക്കോർഡുകളാണ് ആരാധകരുടെ ഇടയിലെ ചർച്ചാവിഷയം. രാജ്യാന്തര ടി 20 റണ്‍വേട്ടയില്‍ മുന്‍ നായകന്‍ വിരാട് കോലിയുമായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന രോഹിത് രണ്ട് റെക്കോര്‍ഡുകള്‍ക്കരികെയാണ്.
ഇന്നത്തെ മത്സരത്തിൽ വിൻഡീസിനെതിരെ മൂന്ന് സിക്‌സര്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏതെങ്കിലുമൊരു ടീമിനെതിരെ ടി 20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താം. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായി എന്നിവരെയാണ് രോഹിത് ഇതോടെ പിന്തള്ളുക. ഫിഞ്ച് ഇംഗ്ലണ്ടിനെതിരെയും സസായി അയര്‍ലന്‍ഡിനെതിരെയും 34 സിക്‌സറുകള്‍ നേടിയെങ്കില്‍ രോഹിത് വിന്‍ഡീസിനെതിരെ 32 സിക്സറുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്.
മത്സരത്തില്‍ മറ്റൊരു നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നു. രാജ്യാന്തര ടി 20യില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്താന്‍ 36 റണ്‍സ് കൂടി മതി രോഹിത് ശര്‍മ്മയ്‌ക്ക്. ഇംഗ്ലണ്ടിനെതിരെ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് 594 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ വിന്‍ഡീസിനെതിരെ രോഹിത്തിന് 559 റണ്‍സുണ്ട്. കൊല്‍ക്കത്തയില്‍ തന്നെ നടന്ന ആദ്യ ടി 20യില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 19 പന്തില്‍ 40 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയ്‌ക്ക് അനായാസം ഈ റെക്കോർഡുകൾ സ്വന്തമാക്കാനായേക്കുമെന്നാണ് ആരാധകർ കരുതുന്നത്.
Read More: പ്രളയത്തിൽ കടപുഴകി വീണ ആൽമരത്തിന് ഇനി പുതുജീവൻ, ഇത് മാതൃകയാക്കേണ്ട രീതി
കൊൽക്കത്തയിൽ ഇന്ന് രാത്രി 7 നാണ് രണ്ടാം ടി 20 മത്സരം തുടങ്ങുന്നത്. ഒന്നാം ടി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. വിൻഡീസിന്‍റെ 157 റണ്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത്തിന്‍റെ സഹ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 35 റണ്‍സെടുത്തു. വിരാട് കോലി 17 ഉം ഋഷഭ് പന്ത് എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ഇന്ത്യക്ക് ജയമുറപ്പിച്ചു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
Story Highlights: Rohith Sharma near 2 records