കാത്തിരിപ്പ് അവസാനിക്കുന്നു; ആർആർആർ പ്രേക്ഷകരിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

February 1, 2022

ചലച്ചിത്ര ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർആർആർ പ്രേക്ഷകരിലേക്കെത്തുന്നു. നാളുകളായുള്ള കാത്തിരിപ്പിനും ഏറെ മാറ്റിവയ്ക്കലുകൾക്കും ശേഷമാണ് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ജനുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ച ചിത്രം കൊവിഡ് പാശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയിരുന്നു. ഇപ്പോഴിതാ പുതുക്കിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 25 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

അതേസമയം പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്നതാണ് രാജമൗലി സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്നതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.

Read also: ഇതാണ് ‘ഹൃദയം’ കണ്ടവർ അന്വേഷിച്ച അയ്യപ്പേട്ടന്റെ ആ ചായക്കട- വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Story highlights: RRR release date finalised