ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയ്‌ക്കൊരു മലയാളി ടച്ച്; റിസർവ് ടീമിലിടം നേടി കായംകുളം സ്വദേശി എസ്.മിഥുൻ

February 1, 2022

ഫെബ്രുവരി 6 ന് വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പര തുടങ്ങാനിരിക്കെ റിസർവ് ക്രിക്കറ്റ് ടീമിലിടം നേടി മലയാളി താരം എസ്.മിഥുൻ. ഏഴംഗ റിസർവ് ടീമിലിടം നേടിയ മിഥുൻ ആലപ്പുഴ കായംകുളം സ്വദേശിയാണ്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ റിസര്‍വ് താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മിഥുനെ കൂടാതെ തമിഴ്‌നാട് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ തുടങ്ങിവരും ടീമിലിടം നേടിയിട്ടുണ്ട്.

4 വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിലെ സ്ഥിരാംഗമാണ് മിഥുൻ. ഈയിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ലെഗ് സ്പിന്നറാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റു വീഴ്ത്തിയ മിഥുൻ ടൂർണമെന്റിൽ കേരളത്തിനായി കൂടുതൽ വിക്കറ്റ് നേടിയ താരവുമായി. ഈ പ്രകടനമാണ് റിസർവ് നിരയിലേക്കു വഴിതുറന്നത്.

മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലുള്ളത്. ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനത്തിലൂടെ പരമ്പര ആരംഭിക്കും.

Read More: ലോകതാരമാക്കിയതിൽ ഹോക്കി ആരാധകർക്ക് നന്ദി; ഇന്ത്യൻ ഹോക്കിക്കിത് അഭിമാനനിമിഷമെന്ന് ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്

അതേ സമയം ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരകള്‍ക്ക് കാണികളുണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സർക്കാർ ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുത്തത്. 75 ശതമാനം കാണികള്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ 50000 കാണികള്‍ക്ക് സ്റ്റേഡിയത്തിൽ ടി-20 പരമ്പരയ്ക്കായി പ്രവേശിക്കാം. നവംബറിൽ കൊല്‍ക്കത്തയിൽ ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ടി-20 മത്സരത്തിലും കാണികള്‍ക്ക് അനുവാദമുണ്ടായിരുന്നു. ഫെബ്രുവരി 16 ന് ആണ് ടി-20 പരമ്പര ആരംഭിക്കുന്നത്.

Story Highlights: S.Midhun from kerala in India Reserve Team against West Indies