സ്വർഗത്തിൽ ഇരുന്ന് അവൻ അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടാകും; മകന്റെ ഓർമകളിൽ സബീറ്റ
ഫ്ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളിൽ ഒരാളാണ് സബീറ്റ. ചക്കപ്പഴത്തിൽ മൂന്ന് മക്കളുടെ അമ്മയായ ലളിത എന്ന കഥാപത്രത്തെയാണ് സബീറ്റ ജോർജ് അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് ചിരിവിരുന്ന് സമ്മാനിക്കുന്ന സബീറ്റ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വേദനയാകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ വിട്ട് പോയ മകൻ മാക്സ് വെല്ലിന്റെ ഓർമ്മകളാണ് താരം പങ്കുവയ്ക്കുന്നത്.
‘അവനിപ്പോൾ കൂടെയുണ്ടായിരുന്നെങ്കിൽ പതിനേഴ് വയസ് തികയുമായിരുന്നു. സ്വർഗത്തിൽ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുണ്ടെന്ന് അമ്മക്കറിയാം. ഹാപ്പി ബർത്ത്ഡേ മാക്സി, എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് സബീറ്റ കുറിച്ചത്.
കോട്ടയം സ്വദേശിനിയാണ് സബീറ്റ ജോർജ്. വിവാഹശേഷം ഇരുപതുവർഷമായി അമേരിക്കയിലാണ്. രണ്ടു മക്കളായിരുന്നു സബീറ്റയ്ക്ക്. എന്നാൽ ജനന സമയത്ത് തലയ്ക്ക് സംഭവിച്ച പരിക്ക് മൂലം ഭിന്നശേഷിക്കാരനായി മകൻ മാക്സ് മാറി. പന്ത്രണ്ടാം വയസിലാണ് മകൻ മരിച്ചത്. ഒരു മകളും കൂടിയുണ്ട് സബീറ്റയ്ക്ക്.
Read also: സ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് 19 കാരനെ പ്രണയിച്ച 32 കാരിയുടെ പ്രണയകഥ
അതേസമയം ചക്കപ്പഴത്തിലൂടെ മലയാളി ഹൃദയങ്ങളിൽ ഇടംനേടിക്കഴിഞ്ഞു സബീറ്റ. രസകരമായ കൗണ്ടറുകളും അമ്മയിയമ്മയുടെ കുഞ്ഞു കുശുമ്പുകളുമൊക്കെയായി മനസ് കീഴടക്കുന്ന സബീറ്റ ജോർജിന് ആരാധകരും ഏറെയാണ്. അതേസമയം ചക്കപ്പഴത്തിലെ വിശേഷങ്ങൾക്കൊപ്പം തന്നെ തന്റെ വ്യക്തിപരമായ കാര്യങ്ങളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുന്ന താരമാണ് സബീറ്റ ജോർജ്.
ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ പരമ്പരയാണ് ചക്കപ്പഴം. നർമ്മത്തിനും കുടുംബ ബന്ധത്തിനും പ്രാധാന്യം നൽകിയാണ് ചക്കപ്പഴം പ്രേക്ഷകരിലേക്കെത്തുന്നത്.