നിമിഷയുടെ റോളിൽ സാനിയ മൽഹോത്ര; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദി റീമേക്കൊരുങ്ങുന്നു

കഴിഞ്ഞ വർഷം ദേശീയ തലത്തിലും ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.’ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ബോളിവുഡ് നടി സാനിയ മൽഹോത്ര ചിത്രത്തിലെ കേന്ദ്രകഥാപാത്രമാവുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.
“ഒരു നടി എന്ന നിലയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലേക്കാള് മികച്ച ഒരു കഥാപാത്രം ഇനി ചോദിക്കാനില്ല. ഇത് ഒരുപാട് ലെയേഡായ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ സിനിമ തുടങ്ങുന്നതില്‍ അതിയായ ആവേശത്തിലാണ്” എന്നാണ് സാനിയ മല്‍ഹോത്ര പറഞ്ഞത്. ആരതി കാദവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. താൻ കണ്ടതില്‍ വച്ച് വളരെ വ്യക്തമായി എഴുതിയ ഒരു സ്ക്രിപ്റ്റാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റേതെന്നും അതിലേക്ക് തന്റെ ശബ്ദം കൂടി ചേര്‍ക്കാന്‍ താൻ കാത്തിരിക്കുകയാണെന്നുമാണ് സംവിധായിക ആരതി പറയുന്നത്.
നേരത്തെ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ആര്. കണ്ണന് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുര്ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.
Read More: ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ഹൃദയത്തിലെ മെലഡി ഗാനം പ്രേക്ഷകരിലേക്ക്
‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കഴിഞ്ഞ വർഷം ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു. ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു.
Story Highlights: Sanya Malhothra joins great indian kitchen hindi remake