തോൽവിക്ക് കാരണമായവന്റെ വിജയ സമ്മാനം

February 7, 2022

ആഫ്രിക്കൻ നേഷൻ കപ്പിൽ സല എന്ന ഈജിപ്ഷൻ ഫുട്ബോൾ രാജാവിന്റെ ടീമിനെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ മാനയുടെ സെനഗൽ പോരാളികൾ അവസാന കിക്ക് വലയിലെത്തിച്ച് വിജയം പിടിച്ചെടുത്ത് വിജയമാഘോഷിക്കുമ്പോൾ ടീം കോച്ച് സിസെയുടെ മനസിലേക്ക് ആദ്യം കടന്നുവന്നത് 20 വർഷം മുൻപ് ഇതുപോലൊരു ഫൈനലിലായിരിയ്ക്കും….അന്നത്തെ ഫൈനൽ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടായിരിക്കും ഷൂട്ടൗട്ടിലെ കിക്ക് നഷ്ടപ്പെടുത്തി സെനഗലിനു കിരീടം നഷ്ടപ്പെടുത്തിയ വേദനിപ്പിക്കുന്ന കഥയയായിരിക്കും….

ഇന്നത്തെ സെനഗൽ പരിശീലകൻ സിസെ, 2002 ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ കാമറൂണിനെ നേരിടാനിറങ്ങിയ സെനഗൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ആ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളുകളൊന്നും നേടാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സെനഗലിനായി ആദ്യ കിക്കെടുത്തത് അന്നത്തെ ക്യാപ്റ്റൻ ഇന്നത്തെ കോച്ച് സിസെ ആയിരുന്നു. കിക്കെടുത്ത സിസെയ്ക്ക് പിഴച്ചു. തുടർന്നുള്ള രണ്ട് കിക്കുകളും സെനഗലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാനത്തെ രണ്ട് കിക്കുകൾ അവർ ലക്ഷ്യത്തിലെത്തിച്ചെങ്കിലും 2-3 എന്ന സ്കോറിന് കാമറൂൺ കളി ജയിച്ചു. വലിയ ദുരന്തമേറ്റുവാങ്ങി തല കുനിച്ച് അന്ന് നടന്നു പോയപ്പോൾ സിസെ മനസ്സിൽ പോലും ആലോചിച്ച് കാണില്ല രണ്ട് ദശകത്തിനപ്പുറം സെനഗലിനെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയത്തിലേക്ക് പരിശീലകനായി നയിക്കാനാകുമെന്ന്.

2005 ൽ വിരമിച്ച സിസെ 2015 മുതൽ ടീമിന്റെ പരിശീലകനായി 2019 ൽ ടീമിനെ ഫൈനലിലെത്തിക്കാൻ സിസെയ്‌ക്ക് സാധിച്ചെങ്കിലും ഫൈനലിൽ അൾജീരിയയോട് ഒരു ഗോളിന് സെനഗൽ തോറ്റു. 2022 ആഫ്രിക്കൻ നേഷൻസ് കപ്പിനിറങ്ങുമ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്നു, പക്ഷെ ആദ്യമത്സരങ്ങളിൽ പ്രതീക്ഷക്കത്ത് പ്രകടനം പുറത്തെടുക്കാൻ സെനഗലിനായില്ല പക്ഷെ കാവ്യ നീതിയെന്നോണം പെനൽറ്റി ഷൂട്ടൗട്ടിൽ തന്നെ സെനഗൽ വിജയിച്ചു. സിസെ ചിരിച്ചു നിന്നു…

Story highlights: Senegal coach Aliou Cisse