വിചിത്ര ആകൃതിയിൽ നിരനിരയായി നിൽക്കുന്ന മഞ്ഞുരൂപങ്ങൾ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസത്തിന് പിന്നിൽ…
അതിശൈത്യമെത്തിയാൽ താഴ്വരകളിലും പർവ്വതങ്ങളിലും മഞ്ഞുവീണുകിടക്കുന്ന മനോഹര കാഴ്ചകളാണ് നമ്മെ തേടിയെത്തുന്നത്. മഞ്ഞുകാലത്ത് ജപ്പാനിലെ സാവോ പർവതത്തിൽ നമ്മെ കാത്തിരിക്കുന്നത് പക്ഷെ വിചിത്രമായ ചില കാഴ്ചകളാണ്. വിചിത്ര ആകൃതിയിൽ നിരനിരയായി നിൽക്കുന്ന മഞ്ഞുരൂപങ്ങളാണ് സാവോ പർവതത്തിലെ കാഴ്ച. ആദ്യ കാഴ്ചയിൽ ഈ വിചിത്ര രൂപങ്ങൾ കാണുമ്പോൾ നാം മറ്റേതോ ലോകത്തെത്തിയതുപോലെയാണ് തോന്നുക. എന്നാൽ സൂക്ഷിച്ചു നോക്കുമ്പോഴാണ് മഞ്ഞിൽ രൂപംകൊണ്ടതാണ് ഇതെന്ന് മനസിലാകുക.
ഈ മഞ്ഞുരൂപങ്ങളേ ജൂഹ്യോ എന്നാണ് ഇവിടുത്തുകാർ വിളിക്കുന്നത്. അതിശൈത്യകാലത്ത് പർവതത്തിലെ ചെറു മരങ്ങളിലും മറ്റും മഞ്ഞുമൂടിനിൽക്കുന്ന കാഴ്ചയാണിത്. മഞ്ഞുവീഴ്ചയ്ക്ക് പുറമെ ഇവിടെ വീശിയടിക്കുന്ന കാറ്റിൽ ഈ പ്രദേശത്തുള്ള തടാകത്തിൽ നിന്നും ജലവും ചെറു മഞ്ഞു കണികകളും ഉയർന്നുപൊങ്ങി മരച്ചില്ലകളിൽ പതിക്കും. ഇതോടെ വിചിത്രരൂപത്തിലുള്ള മഞ്ഞുരൂപങ്ങൾ ഇവിടെ രൂപംകൊള്ളും. മഞ്ഞുവീഴ്ച കൂടുന്നതനുസരിച്ച് മഞ്ഞുരൂപങ്ങളുടെ ആകൃതിയും മാറിക്കൊണ്ടിരിക്കും.
Read also: ത്രസിപ്പിച്ച് മമ്മൂട്ടി, പ്രേക്ഷക ഹൃദയം കീഴടക്കി ഭീഷ്മപർവ്വം ട്രെയ്ലർ
അതേസമയം ഈ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായി ഓരോ വർഷവും ഇവിടെ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മരങ്ങളുടെയും ചില്ലകളുടെയും ആകൃതിക്കനുസരിച്ച് ഇവയുടെ രൂപത്തിലും മാറ്റങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സാവോ പർവതനിരകളിൽ ഇവിടെത്തുന്നവർക്കായി സ്നോ ബോർഡിങ്ങും ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ ഇവിടെയുള്ള കേബിൾ കാറുകളിൽ ഇരുന്നുകൊണ്ട് ഈ മനോഹര കാഴ്ചകൾ ആസ്വദിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇവിടേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത് രാത്രി കാലങ്ങളിലാണ്. രാത്രിയിൽ ഈ വിചിത്ര മഞ്ഞുരൂപങ്ങളെ കാണുന്നതിനായി പ്രത്യേകമായ ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിലാണ് ഇവിടം കൂടുതൽ മനോഹരമായിരിക്കുക. എന്നാൽ മഞ്ഞുകാലം കഴിയുന്നതോടെ ഈ കാഴ്ചകൾ ഇവിടെ നിന്നും അപ്രത്യക്ഷമാകും.
Story highlights: ‘snow monsters’ attract tourists to Mount Zao