ത്രസിപ്പിച്ച് മമ്മൂട്ടി, പ്രേക്ഷക ഹൃദയം കീഴടക്കി ഭീഷ്മപർവ്വം ട്രെയ്‌ലർ

February 24, 2022

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മപർവ്വം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിലും ഏറെ ശ്രദ്ധനേടുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ആരാധകരിൽ ആവേശമായിരുന്നു. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടാണ് ടീസർ എത്തിയത്. പ്രഖ്യാപനം മുതൽക്കേ ശ്രദ്ധനേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ആരാധകരിൽ ആവേശമാകുന്നത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലർ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. അന്തരിച്ച താരങ്ങളായ കെപി എസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയ്‌ലറിൽ കാണാം.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രത്തിന് വേണ്ടി മുടി നീട്ടിവളർത്തിയ ലുക്കിലായിരുന്നു മമ്മൂട്ടി. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേഷം. അതേസമയം ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയിലായിരുന്നു സിനിമ പ്രേമികൾ. മാർച്ച് മൂന്നിന് പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയിലാണ് സിനിമ ആസ്വാദകർ.

Read also:നിമിഷയുടെ റോളിൽ സാനിയ മൽഹോത്ര; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദി റീമേക്കൊരുങ്ങുന്നു

മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights: Bheeshma Parvam Trailer