ചൂണ്ടയിൽ കുടുങ്ങിയത് തന്നേക്കാൾ അഞ്ച് ഇരട്ടിയിലധികം വലുപ്പമുള്ള മത്സ്യം; 450 കിലോഗ്രാമുള്ള കൂറ്റൻ മത്സ്യത്തെ വലയിലാക്കിയ മിഷേൽ, വിഡിയോ
കൂറ്റൻ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിച്ച് വാർത്തകളിൽ ഇടംനേടുകയാണ് ഒരു യുവതി. അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള മിഷേൽ എന്ന യുവതിയാണ് തന്നെക്കാൾ അഞ്ചുമടങ്ങിലധികമുള്ള കൂറ്റൻ മത്സ്യത്തെ മറ്റാരുടെയും സഹായമില്ലാതെ ബോട്ടിലേക്ക് വലിച്ചുകയറ്റിയത്. വലിയ മത്സ്യങ്ങളെ കടലിൽ നിന്നും ചൂണ്ടയിട്ട് പിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇതിന് പലപ്പോഴും ഒന്നിലധികം ആളുകളുടെ കൂട്ടായ ശ്രമവും ആവശ്യമായി വരും. എന്നാൽ ഈ ചിന്തകളെയെല്ലാം പൊളിച്ചടുക്കി ഏറെ ശ്രദ്ധനേടുകയാണ് മിഷേൽ.
450 കിലോഗ്രാമോളം ഭാരമുള്ള ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ ഫിഷിനെയാണ് മിഷേൽ പിടികൂടിയത്. കടലിൽ നിന്നും കൂറ്റൻ മത്സ്യത്തെ വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അതേസമയം 2015 മുതൽ കടലിൽ ഇറങ്ങി മത്സ്യങ്ങളെ പിടിക്കാറുണ്ട് മിഷേൽ. 2019 ൽ സ്വന്തമായി ഒരു ബോട്ട് വാങ്ങിയതോടെ പിന്നെ അതിലായി മിഷേലിന്റെ കടൽ യാത്ര. നേരത്തെയും വലിയ മത്സ്യങ്ങളെ പിടിച്ച് മാധ്യമ ശ്രദ്ധനേടിയതാണ് മിഷേൽ. മുൻപ് 643 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെയാണ് മിഷേൽ കടലിൽ നിന്നും തനിയെ വലിച്ചുകയറ്റിയത്.
അതേസമയം യന്ത്രങ്ങളുടെയോ കൂട്ടാളികളുടെയോ സഹായമില്ലാതെ ഇത്തരത്തിൽ വലിയ മീനുകളെ വലിച്ചുകയറ്റുന്ന മിഷേലിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ അതിസാഹസീകമായ കാര്യങ്ങൾ ഇത്തരത്തിൽ തനിയെ ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്ത് മിഷേലിനെ വിമർശിക്കുന്നവരും ഉണ്ട്.
Story highlights:Solo Woman Hauls 450kg Bluefin Tuna Fish Into Boat