റാങ്കിംഗിൽ പടികൾ കയറി സൂര്യകുമാർ യാദവ്; ഐസിസി ടി 20 റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ താരം

February 24, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി 20 പാരമ്പരയിൽ തകർപ്പൻ പ്രകടനവുമായാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് പരമ്പരയുടെ താരമായത്. ഇപ്പോൾ ഐസിസി ടി 20 റാങ്കിംഗിലും നേട്ടം കൊയ്തിരിക്കുകയാണ് താരം. ബാറ്റര്‍മാരുടെ പുതിയ റാങ്കിംഗില്‍ 35 സ്ഥാനങ്ങള്‍ ഉയര്‍ന്ന സൂര്യകുമാര്‍ യാദവ് 21-ാം സ്ഥാനത്തെത്തി. വിന്‍ഡീസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 107 റണ്‍സടിച്ചാണ് സൂര്യകുമാര്‍ പരമ്പരയുടെ താരമായത്.

സൂര്യകുമാറിന് പുറമെ പരമ്പരയില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരും റാങ്കിംഗില്‍ നേട്ടം കൊയ്തു. സൂര്യകുമാറിന് പിന്നിലായി പരമ്പരയില്‍ 92 റണ്‍സും രണ്ട് വിക്കറ്റുമെടുത്ത വെങ്കടേഷ് അയ്യര്‍ പുതിയ റാങ്കിംഗില്‍ 203-ാം സ്ഥാനത്തു നിന്ന് 115-ാം റാങ്കിലേക്ക് കുതിച്ചു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും വിന്‍ഡീസിനായി അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് കയറി.

അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച മുന്‍ നായകന്‍ വിരാട് കോലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചുറിയാണ് കോലിക്ക് നേട്ടമായത്. റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് വിരാട് കോലി. പരിക്കു മൂലം വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്ന കെ എല്‍ രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

Read More: ഇവരായിരിക്കും ഭാവി നായകന്മാർ; മനസ്സ് തുറന്ന് രോഹിത് ശര്‍മ

ശ്രീലങ്കക്കെതിരെ ഇന്ന് തുടങ്ങാനിരിക്കുന്ന പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സൂര്യകുമാറിന് അവസരം ഉണ്ടായിരുന്നെങ്കിലും പരിക്കു മൂലം പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത് താരത്തിന് തിരിച്ചടിയാണ്. വിരാട് കോലി, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ കെ എല്‍ രാഹുല്‍ പരിക്കുമൂലം കളിക്കുന്നില്ല. ശ്രീലങ്കക്കെതിരെ 27 വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ടി 20 മത്സരങ്ങളാണുള്ളത്.

Story Highlights: Sooryakumar Yadav improves ranking