കേരളത്തിനായി വീണ്ടും ശ്രീശാന്ത്; നീണ്ട ഇടവേളയ്ക്ക് ശേഷം താരം രഞ്ജിയിൽ
ഒരു വലിയ ഇടവേളയ്ക്ക് ശേഷം കേരളത്തിനായി രഞ്ജി കളിക്കുകയാണ് സൂപ്പർതാരം ശ്രീശാന്ത്. മേഘാലയയ്ക്കെതിരായ എലീറ്റ് ഗ്രൂപ്പ് എ മത്സരത്തിലാണ് ശ്രീശാന്ത് കേരള ടീമിൽ ഇടംപിടിച്ചത്. മത്സരത്തിൽ ടോസ് നേടിയ കേരളം മേഘാലയയെ ബാറ്റിങ്ങിന് അയച്ചു. രാജ്കോട്ടിലാണ് മത്സരം. പരുക്കിന്റെ പിടിയിലായ സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കുന്നില്ല. സച്ചിൻ ബേബിയാണ് കേരള ടീമിന്റെ നായകൻ.
മേഘാലയയ്ക്കെതിരെ മികച്ച വിജയം നേടി തുടക്കം ഗംഭീരമാക്കുകയാണു കേരളത്തിന്റെ ലക്ഷ്യം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായിരുന്ന ശ്രീശാന്ത് കളിക്കളത്തിലേക്കിറങ്ങുന്നത്. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലും സയ്യിദ് മുഷ്താഖ് അലി ടി 20 ടൂർണമെന്റിലും മികച്ച പ്രകടനം നടത്തിയ കേരള താരങ്ങളിൽ മിക്കവരും രഞ്ജി ടീമിലുണ്ട്. സഞ്ജു സാംസൺ രണ്ടാം മത്സരത്തിലേ ഉണ്ടാവൂ.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ലോകകപ്പ് മത്സരമായ രഞ്ജി ട്രോഫി 2 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നു വീണ്ടും ക്രീസിലെത്തുന്നത്. ഇക്കുറി പോരാട്ടച്ചൂട് വർധിപ്പിക്കുന്നതു പുതുമുഖങ്ങളുടെയും പരിചയസമ്പന്നരുടെയും സാന്നിധ്യമാണ്. സീനിയർ താരങ്ങളായ ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും ഇഷാന്ത് ശർമയും മുതൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ യഷ് ദൂലും രാജ് ബാവയും വരെ ദേശീയ ടീമിലെ സ്ഥാനം നേടാനായി രഞ്ജിയിലിറങ്ങുന്നുണ്ട്.
Read More: നൈറ്റ് റൈഡേഴ്സിനെ നയിക്കാൻ പുതിയ നായകൻ; ശ്രേയസ് അയ്യർ കൊല്‍ക്കത്തയുടെ ആറാമത്തെ ക്യാപ്റ്റൻ
2 ഘട്ടങ്ങളിലായാണ് ടൂർണമെന്റ്. ആദ്യ ഘട്ടത്തിൽ മത്സരിക്കുന്ന 38 ടീമുകളിൽ 32 ടീമുകൾ എലീറ്റ് ഗ്രൂപ്പ് റൗണ്ടിലും 6 ടീമുകൾ പ്ലേറ്റ് ഗ്രൂപ്പിലും മത്സരിക്കും. രണ്ടാം ഘട്ടം ഐപിഎലിനുശേഷം ജൂണിൽ നടക്കും. രാജ്കോട്ട്, കട്ടക്ക്, അഹമ്മദാബാദ്, ചെന്നൈ, തിരുവനന്തപുരം, ഡൽഹി, ഹരിയാന, ഗുവാഹത്തി, കൊൽക്കത്ത എന്നീ വേദികളിലാണ് രഞ്ജി മത്സരങ്ങൾ നടക്കുന്നത്.
Story Highlights: Sreesanth back in Ranji Trophy