മോഹൻലാലിന് ശേഷം മമ്മൂട്ടി; ആറാട്ടിന് ശേഷം മമ്മൂട്ടിക്കൊപ്പമുള്ള മാസ്സ് ചിത്രമെന്ന് ബി. ഉണ്ണികൃഷ്ണൻ
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. കേരളത്തിലുടനീളം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആറാട്ടിന് ശേഷം നടൻ മമ്മൂട്ടിയോടൊപ്പമുള്ള ഒരു മാസ്സ് ചിത്രത്തിന്റെ ആലോചനയിലാണെന്നാണ് ഇപ്പോൾ സംവിധായകൻ പറഞ്ഞിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബി.ഉണ്ണികൃഷ്ണൻ ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.
ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ പറയുന്നത്. ഈ രീതിയില്‍ ഒരു തിരക്കഥ ഉദയകൃഷ്ണ ആദ്യമായാണ് എഴുതുന്നതെന്നും മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേർത്തു.
“ഞാന്‍ അടുത്ത സിനിമ മമ്മൂട്ടിയുമായാണ് ആലോചിക്കുന്നത്. ആ സിനിമയും ഉദയകൃഷ്ണയാണ് എഴുതുന്നത്. മാസ് എന്ന വിളിക്കാവുന്ന സിനിമയാണ്. പക്ഷെ ഫണ്‍ എലമെന്റ്‌സ് കുറച്ച് കുറവാണ്. ഗൗരവമുള്ളൊരു സമകാലീന വിഷയമുണ്ട് സിനിമയില്‍. അത് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്ന വിഷയമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ച് ഇരിക്കുന്നൊരാളിൽ നിന്നുമെല്ലാം ക്യു എടുത്തിട്ടാണ് നമ്മള്‍ ആ ഒരു സിനിമ ചെയ്യുന്നത്. അത്തരത്തില്‍ ഒരു സ്‌ക്രീന്‍ പ്ലേ ഉദയന്‍ ഇതുവരെ എഴുതിയിട്ടില്ല. ഉദയനെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമാണ്. മമ്മൂക്കയായി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന് ഐഡിയ ഇഷ്ടപ്പെട്ടു. പക്ഷെ നമുക്ക് ഇനി ഈ തിരക്കുകള്‍ കഴിഞ്ഞ് അതിന്റെ സ്‌ക്രീന്‍ പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിന് ശേഷം വീണ്ടും മമ്മൂക്കയെ കാണാം എന്ന തീരുമാനത്തിലാണ്.” ബി.ഉണ്ണികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
Read More: ‘ബീസ്റ്റി’ലെ അറബിക് മേളം- ഹബിബോ ഗാനത്തിന് ചുവടുവെച്ച് സംവിധായകൻ ആറ്റ്‌ലിയും ഭാര്യ പ്രിയയും
അതേസമയം ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. പുലിമുരുകന്‍ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് ആറാട്ട്.
Story Highlights: B.Unnikrishnan’s next film with Mammootty