ഏത് ടീമിലേക്കും അനായാസം കയറിചെല്ലാവുന്ന താരം; തനിക്ക് ഏറെ പ്രതീക്ഷയുള്ള പേസ്‌ ബൗളറെ പറ്റി ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

February 22, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പര ഇന്ത്യ തൂത്തുവാരിയതിന് ശേഷം വലിയ കയ്യടിയും പ്രശംസയുമാണ് ടീം ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യൻ ബൗളിംഗ് നിരയാണ് ഏറ്റവും കൂടുതൽ കയ്യടി നേടുന്നത്. ഇപ്പോൾ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കറാണ് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് വലിയ പ്രശംസയുമായി എത്തിയിരിക്കുന്നത്. ഇന്ത്യൻ നിരയിലെ ചില ബൗളർമാർ ലോകോത്തര താരങ്ങളാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

പേസർ ദീപക് ചാഹറിന്റെ സ്വിങ് തന്നെ ആകർഷിച്ച ഘടകമാണെന്ന് ഗവാസ്‌കര്‍ എടുത്ത് പറയുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ വിശ്രമത്തിലായിരുന്നെങ്കിലും ടീം ഇന്ത്യയല്ല ലോകത്തെ ഏത് ടീമിലേക്കും അനായാസം പ്രവേശനം ലഭിക്കുന്ന പേസറാണ് ജസ്‌പ്രീത് ബുമ്രയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

“ദീപക് ചാഹര്‍ ഗംഭീര സ്വിങ് ബൗളറാണ്. അതിവേഗ പേസറല്ലെങ്കിലും മോശമല്ലാത്ത വേഗത്തില്‍ ബാറ്റര്‍മാരെ കുഴക്കാനാകുന്നു. ആക്ഷനില്‍ വലിയ വ്യത്യാസമില്ലാതെ ഇന്‍-സ്വിങ്ങറുകളും ഔട്ട്-സ്വിങ്ങറുകളും എറിയാനാകുന്നു. ചാഹറും ഭുവനേശ്വറിനെ പോലുള്ളവരുമുള്ള ഇന്ത്യന്‍ ബൗളിംഗ് നിര സമ്പന്നമാണ്. ജസ്‌പ്രീത് ബുമ്രയെ മറക്കാനാവില്ല. ഇന്ത്യ മാത്രമല്ല, ലോകത്തെ ഏത് ടീമിലേക്കും അനായാസം കയറിച്ചെല്ലാവുന്ന താരമാണയാള്‍. ഇവര്‍ക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമുണ്ട് ടീം ഇന്ത്യക്ക് കരുത്തായി” എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Read More: യഥാർത്ഥ വിരാട് കോലിയെ കണ്ടെത്താൻ സാധിക്കുമോ? സോഷ്യൽ മീഡിയയിൽ തരംഗമായൊരു ചിത്രം

വിന്‍ഡീസിനെതിരെ വിശ്രമത്തിലായിരുന്ന ജസ്‌പ്രീത് ബുമ്ര ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി 20കളുടെ പരമ്പരയില്‍ തിരിച്ചെത്തും. ലക്‌നൗവില്‍ ഫെബ്രുവരി 24 നാണ് പരമ്പര തുടങ്ങുക. ഭുവനേശ്വർ കുമാറും ദീപക് ചാഹറും മുഹമ്മദ് സിറാജും ഹര്‍ഷാല്‍ പട്ടേലും ആവേശ് ഖാനും പേസര്‍മാരായി ടീമിലുണ്ട്. അതേസമയം ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മുഹമ്മദ് ഷമിക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Story Highlights: Gavaskar about indian pace bowlers