തിരിച്ചുവരവ് രാജകീയം; രഞ്ജിയിൽ സെഞ്ചുറി നേടി അജിൻക്യ രഹാനെ

February 18, 2022

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്സ്മാന്മാരിൽ ഒരാളാണ് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന അജിൻക്യ രഹാനെ. രാഹുൽ ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് രഹാനയെ ഇന്ത്യൻ ആരാധകരുടെ ഇടയിൽ പ്രിയങ്കരനാക്കിയത്. ഏറെ നാളായി ഫോം ഔട്ടായിരുന്ന രഹാനയെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിന് ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ രഹാനെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ രഹാനെ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറിയുമായി ആദ്യദിനം തന്നെ വരവറിയിച്ചത്. 211 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതമാണ് രഹാനെ സെഞ്ചുറി പൂർത്തിയാക്കിയത്.

നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് രഹാനെയെ ഫോം വീണ്ടെടുക്കുന്നതിന് രഞ്ജി ട്രോഫി കളിക്കാൻ അയച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഒപ്പം രഞ്ജി ട്രോഫി കളിക്കാൻ അയയ്ക്കപ്പെട്ട ചേതേശ്വർ പൂജാരയെ സാക്ഷിനിർത്തിയായിരുന്നു രഹാനെയുടെ സെഞ്ചുറി. രഹാനെയുടെ മുംബൈയ്‌ക്കെതിരെ കളിക്കുന്ന സൗരാഷ്ട്ര നിരയിൽ ചേതേശ്വർ പൂജാരയുമുണ്ട്. ഏറ്റവുമൊടുവിൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും പ്രകടനം മോശമായതോടെയാണ് ഫോം വീണ്ടെടുക്കാൻ ഇരുവരും രഞ്ജി ട്രോഫി കളിക്കാനെത്തിയത്.

Read More:“അവസാന മത്സരത്തിന് ശേഷം വിരാട് നൽകിയത് വിലമതിക്കാനാവാത്ത സമ്മാനം”; അവസാന ടെസ്റ്റിലെ ഓർമ്മകൾ ഓർത്തെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

തുടക്കം തകർന്ന് കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ മുംബൈയ്ക്ക് രഹാനെയുടെ സെഞ്ചുറി പിടിവള്ളിയാവുകയും ചെയ്തു. പിരിയാത്ത നാലാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് രഹാനെ ടീമിനെ താങ്ങി നിർത്തിയത്. ക്യാപ്റ്റൻ പൃഥ്വി ഷാ ഉൾപ്പെടെയുള്ളവർ മുംബൈ നിരയിൽ നിരാശപ്പെടുത്തി. 10 പന്തുകൾ നേരിട്ട പൃഥ്വി ഷാ ഒരു റൺ മാത്രമെടുത്ത് ജയ്ദേവ് ഉനദ്കടിന്റെ പന്തിൽ പുറത്തായി. സൗരാഷ്ട്രയ്ക്കായി ക്യാപ്റ്റൻ ജയ്‌ദേവ് ഉനദ്കട് 15 ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

Story Highlights: Rahane hits century in Ranji Trophy