പരുക്ക് ഗുരുതരമല്ല, സ്‌മൃതി മന്ദാന ലോകകപ്പിൽ കളിക്കും; ഇന്ത്യൻ ടീമിനിത് ആശ്വാസ വാർത്ത

February 28, 2022

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സ്‌മൃതി മന്ദാന. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയ താരം കൂടിയാണ് സ്‌മൃതി.പക്ഷെ അപ്രതീക്ഷിതമായി താരത്തിനേറ്റ പരുക്ക് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ സന്നാഹ മത്സരത്തിനിടെയാണ് സ്‌മൃതിക്ക് പരിക്കേറ്റത്. പേസര്‍ ഷബ്‌നിം ഇസ്‌മായിലിന്‍റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

എന്നാലിപ്പോൾ പരുക്ക് ഗുരുതരമല്ല എന്ന ആശ്വാസവാർത്തയാണ് പുറത്തു വരുന്നത്. 23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ബൗണ്‍സര്‍ സ്‌മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്‌മൃതി ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ കയറിയത്. താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് റിട്ടയര്‍ ചെയ്തതെന്നും ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.

നേരത്തെ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് സ്‌മൃതി മന്ദാന. 2021-ൽ എല്ലാ ഫോർമാറ്റുകളിലും സ്‌മൃതി നടത്തിയ അസാമാന്യ പ്രകടനത്തിനുള്ള അംഗീകാരമായി പുരസ്‌കാരം മാറി. കഴിഞ്ഞ വർഷം 3 ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ ഓപ്പണറായ സ്‌മൃതി 855 റൺസാണ് അടിച്ചുകൂട്ടിയത്.

Read More: അനുഭവസമ്പത്തുമായി മിതാലി രാജ്, ഐസിസിയുടെ മികച്ച താരം സ്‌മൃതി മന്ദാന, ഒപ്പം പ്രതീക്ഷയായി യുവതാരങ്ങളും; ലോകകപ്പിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും മികച്ച പ്രകടനങ്ങളും സ്‌മൃതിയെ പുരസ്‌കാരത്തിന് അർഹയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോഴും മികച്ച പ്രകടനവുമായി സ്‌മൃതി സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സമനില നേടിയ ടെസ്റ്റിൽ സ്‌മൃതി ആദ്യ ഇന്നിങ്‌സിൽ 78 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ ജയിച്ച ഒരേയൊരു ഏകദിനത്തിൽ 49 റൺസ് നേടി താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്‌ട്രേലിയയ്‌ക്ക് എതിരെയുള്ള ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ മന്ദാന സെഞ്ചുറിയെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

Story Highlights: Smriti Mandhana will play world cup