നാലാം വയസുമുതൽ യോഗ ചെയ്തുതുടങ്ങി, ഒമ്പതാം വയസിൽ പരിശീലകൻ, ഗിന്നസ് റെക്കോർഡിലും ഇടംനേടിയ റെയാൻഷ്

February 21, 2022

ശരീരത്തിനും മനസിനും ഉണർവും ഉന്മേഷവും നൽകുന്നതാണ് യോഗ, ജീവിതത്തിൽ സ്ഥിരമായി യോഗ പരിശീലിക്കുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ നാലാം വയസുമുതൽ യോഗ അഭ്യസിച്ച് ഒമ്പതാം വയസിൽ യോഗ പരിശീലകനായി മാറിയ ഒരു കൊച്ചുമിടുക്കാനാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ രീതിയിൽ കൈയടികൾ ഏറ്റുവാങ്ങുന്നത്. റെയാൻഷ് സുരാനി എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്.

അച്ഛനും അമ്മയ്ക്കും ഒപ്പം നാലാം വയസിൽ യോഗ അഭ്യസിച്ച് തുടങ്ങിയതാണ് റെയാൻഷ്. ആദ്യമൊക്കെ വെറുതെ മാതാപിതാക്കളോടൊപ്പം യോഗ ക്ലാസുകൾക്ക് കൂടിയിരുന്ന ഈ ബാലൻ പിന്നീട് യോഗയെ കൂടുതൽ സ്നേഹിച്ചുതുടങ്ങി. ഒടുവിൽ 2021 ജൂലൈയിൽ യോഗ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റും നേടി ഈ ബാലൻ. ഒമ്പതാം വയസിൽ സ്കൂളിലും മറ്റ് സ്ഥലങ്ങളിലും യോഗ പരിശീലിക്കാൻ ഉള്ള അവസരവും റെയാൻഷിന് ലഭിച്ചതോടെ സുഹൃത്തുക്കൾക്കിടയിലും നാട്ടിലുമൊക്കെ താരമായി മാറി ഈ കുഞ്ഞു ബാലൻ.

Read also: ദരിദ്രകുടുംബത്തിൽ ജനിച്ചു, ചികിത്സ ലഭിക്കാതെ പ്രിയപ്പെട്ടവർ മരിച്ചത് വേദനയായി, അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായ രാംചന്ദനി ഇന്ന് പാവപ്പെട്ടവരെ ചികിത്സിക്കുന്നത് ഒരു രൂപയ്ക്ക്

ഇപ്പോഴിതാ റെയാൻഷിനെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകൻ എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡാണ് ഈ ഒമ്പത് വയസുകാരന് ലഭിച്ചിരിക്കുന്നത്. ഇനി ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ ഓൺലൈനായി യോഗ അഭ്യസിപ്പിക്കുന്ന പരിശീലകൻ ആകണം എന്നാണ് ആ കുരുന്ന് പറയുക. താൻ ഏറെ ഇഷ്ടപ്പെട്ടുകൊണ്ടാണ് യോഗ ചെയ്യുന്നതെന്നും, അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ കഴിയുന്നതിൽ താൻ വളരെയധികം സന്തോഷവാൻ ആണെന്നുമാണ് റെയാൻഷ് പറയുക.

Story highlights: Story of Worlds youngest yoga trainer