ദരിദ്രകുടുംബത്തിൽ ജനിച്ചു, ചികിത്സ ലഭിക്കാതെ പ്രിയപ്പെട്ടവർ മരിച്ചത് വേദനയായി, അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായ രാംചന്ദനി ഇന്ന് പാവപ്പെട്ടവരെ ചികിത്സിക്കുന്നത് ഒരു രൂപയ്ക്ക്

February 21, 2022

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ നിശ്ചയദാർഢ്യവും മനക്കരുത്തുംകൊണ്ട് നേരിട്ട നിരവധി വ്യക്തികളുടെ കഥകൾ നാം മുൻപും കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജീവിതത്തിൽ ഉണ്ടായ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് ജീവിതവിജയം നേടി, ഇന്ന് മറ്റുള്ളവർക്ക് മുഴുവൻ സഹായവും മാതൃകയും ആവുന്ന ഡോക്ടർ ശങ്കർ രാംചന്ദനിയുടെ ജീവിതകഥയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിയിക്കുന്നത്.

ദരിദ്ര കുടുംബത്തിലാണ് രാംചന്ദനി ജനിച്ചത്. രാംചന്ദനിയുടെ അച്ഛൻ വലിയൊരു കൂട്ടുകൂടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു. കുടുംബത്തിന്റെ മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നത് അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന സ്റ്റേഷനറി കടയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്. എന്നാൽ ഒരിക്കൽ രാംചന്ദനിയുടെ മാതാപിതാക്കൾക്ക് കാൻസർ ബാധിച്ചതോടെ ഇവർക്ക് മികച്ച ചികിത്സ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവരുടെ നാട്ടിൽ നല്ലൊരു ആശുപത്രി ഇല്ലാതിരുന്നതും, ദൂരെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നല്കാൻ കഴിയാതിരുന്നതുമാണ് മാതാപിതാക്കളെ മരണത്തിലേക്ക് നയിച്ചത്. ഇതോടെ വിഷമത്തിലായ രാംചന്ദനിയുടെ പിതാവ് എങ്ങനെയും തന്റെ മക്കളെ പഠിപ്പിച്ച് ഡോക്ടർ ആക്കണമെന്നും പാവപ്പെട്ടവർക്ക് അതൊരു സഹായകമാകണമെന്നും ആഗ്രഹിച്ചു.

ഒമ്പത് മക്കൾ ഉണ്ടായിരുന്ന ആ കുടുംബത്തിലെ അഞ്ചാമനായ രാംചന്ദനി പഠിക്കാൻ വളരെ സമർത്ഥൻ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കഷ്ടപാടുകൾക്കിടയിലും അദ്ദേഹം നന്നായി പഠിച്ചു. എന്നാൽ ഇതിനിടെയിൽ ഉണ്ടായ പിതാവിന്റെ മരണവും ഈ കുടുംബത്തെ വളരെ ദോഷമായി ബാധിച്ചു. എന്നിരുന്നാലും അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാൻ ഇറങ്ങിയ അദ്ദേഹം മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒഡീഷ സംസ്ഥാനത്ത് തന്നെ രണ്ടാം റാങ്കും കരസ്ഥമാക്കി. ഡോക്ടർ ആയതിന് ശേഷം കഴിഞ്ഞ 2021 ൽ അദ്ദേഹം പാവപ്പെട്ടവർക്കും നിരാലംബർക്കുമായി ഒരു ആശുപത്രിയും ആരംഭിച്ചു. ഇപ്പോൾ അദ്ദേഹത്തെ കാണാനായി ക്ലിനിക്കിൽ എത്തുന്നവർക്ക് വെറും ഒരു രൂപ മാത്രം ചിലവാക്കിയാൽ മതി.

ബുർളയിലെ വീർ സുരേന്ദ്രസായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന അദ്ദേഹം തന്റെ ഒഴിവ് സമയങ്ങളിലാണ് ക്ലിനിക്കിൽ എത്തുന്നതും അവിടെ വരുന്ന പാവപ്പെട്ട രോഗികൾക്ക് വെറും ഒരു രൂപ നിരക്കിൽ മരുന്ന് നൽകുന്നതും.

Story highlights; Father’s Fight Against Poverty Inspires Doctor To Open 1 Rupee Clinic