മേഘങ്ങൾക്കും മുകളിൽ ജമ്മു കശ്മീരിലെ ചെനാബ് പാലം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ ചിത്രം

February 9, 2022

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് ചെനാബ് പാലം. ഇപ്പോഴിതാ, ചെനാബ് പാലത്തിന്റെ അതിമനോഹരമായ ഒരു ദൃശ്യം വളരെയധികം ശ്രദ്ധനേടുകയാണ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.’മേഘങ്ങൾക്ക് മുകളിലൂടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കമാനമായ ചെനാബ് പാലം’ എന്നാണ് അശ്വിനി വൈഷ്ണവ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

ഇരുവശങ്ങളിലും പർവ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി അതിമനോഹരമാണ് ചെനാബ് പാലം കാണാൻ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് ചെനാബ് റെയിൽ പാലം സ്ഥിതി ചെയ്യുന്നത്. നദിയിൽ നിന്ന് 1,315 മീറ്റർ നീളവും 359 മീറ്റർ ഉയരവുമുണ്ട് ഈ റെയിൽവേ പാലത്തിന്. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് ചെനാബ് പാലത്തിന്.

പാലം ശരിക്കും ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ് എന്ന് വിശേഷിപ്പിക്കാം. കശ്മീർ താഴവരകൾ തമ്മിലുള്ള ബന്ധം നിലനിർത്തുകയാണ് ഈ റെയിൽവേ പാലത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

Read Also: ബാബു ഈ ദിവസം നിങ്ങളുടേത്- സന്തോഷമറിയിച്ച് ഷെയ്ൻ നിഗം

ചെനാബ് പാലത്തിന്റെ അതിമനോഹരമായ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. വാസ്തുവിദ്യയുടെ അമ്പരപ്പിക്കുന്ന നേർകാഴ്ചയെന്നാണ് പലരും ചെനാബ് പാലത്തിനെ വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ ആർക്കിന്റെ നിർമാണം കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1,486 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. 2022 ഡിസംബറിൽ ചെനാബ് പാലം റെയിൽ ഗതാഗതത്തിനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story highlights- stunning photos of chenab bridge