ബാബു ഈ ദിവസം നിങ്ങളുടേത്- സന്തോഷമറിയിച്ച് ഷെയ്ൻ നിഗം

February 9, 2022

ബാബു… ഈ പേര് കേൾക്കുമ്പോൾ ഇപ്പോൾ മലയാളികൾക്ക് ആശ്വാസമാണ്..കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ലോകം മുഴുവൻ ആശങ്കയോടെ ഉറ്റുനോക്കിയത് മലമുകളിൽ കുടുങ്ങിയ ഈ ചെറുപ്പകാരനിലേക്കായിരുന്നു. ആളുകൾക്ക് എത്തിപ്പെടാൻപോലും കഴിയാത്ത ഇടത്തിൽ കുടുങ്ങിപ്പോയ ബാബുവിനെ അതിസാഹസീകമായാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സൈന്യം താഴെ എത്തിച്ചത്. ഭക്ഷണവും വെള്ളവും ലഭിക്കാതിരുന്നിട്ടും നിശ്ചയദാർഢ്യവും മനക്കരുത്തുംകൊണ്ട് പിടിച്ചുനിന്ന ബാബുവിന് അഭിനന്ദനപ്രവാഹങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ലോകം മുഴുവൻ ബിഗ് സല്യൂട്ട് നൽകി ആദരിക്കുകയാണ് ബാബുവിനെ രക്ഷിച്ച സൈന്യത്തിനെ.

ഇപ്പോഴിതാ ബാബുവിന്റെ മനക്കരുത്തിനെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്ന ചലച്ചിത്രതാരം ഷെയ്ൻ നിഗത്തിന്റെ വാക്കുകളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിൻ്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിൻ്റെയും ആണ് ഈ ദിവസം.’ എന്നാണ് ഷെയ്ൻ നിഗം കുറിച്ചത്.

Read also: കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി… മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

അതേസമയം കഴിഞ്ഞ 45 മണിക്കൂറുകളായി ചെറാട് മലയിൽ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ബാബു. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽക്കുകയായിരുന്നു. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിൽ നിന്നും സൈന്യം രക്ഷിച്ചത്. കൂടുതൽ പരിശോധനകൾക്കായി ബാബുവിനെയിപ്പോൾ ആശുപത്രിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്.

Story highlights: shane nigam about babu rescue operation