ഐഎസ്എല്ലിൽ റെക്കോർഡിട്ട് സുനിൽ ഛേത്രി; 50 ഗോളുകൾ നേടുന്ന ആദ്യ താരം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് സുനിൽ ഛേത്രി. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പല ചരിത്രവിജയങ്ങളിലേക്കും നയിച്ച നായകൻ കൂടിയാണ് 37 കാരനായ ഛേത്രി. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലും റെക്കോർഡുകളുടെ തോഴനാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനത്താണ് സുനിൽ ഛേത്രി. ഈ നേട്ടത്തിൽ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം മുൻപിലുള്ള ഛേത്രിയെ തേടി ഇപ്പൊൾ മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.
50 ഗോളുകളോടെ ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയിരിക്കുകയാണ് ഛേത്രി. ഹൈദരാബാദ് എഫ്സിക്കെതിരെ നേടിയ ഗോളോടെയാണ് സുനിൽ ഛേത്രി ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഹീറോ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോററായത്. കളിയുടെ 87-ാം മിനിറ്റിൽ ആയിരുന്നു ഛേത്രി ഗോൾ നേടിയത്. ഐ എസ് എല്ലിലെ ഛേത്രിയുടെ അമ്പതാം ഗോൾ കൂടി ആയിരുന്നു ഇത്. ഐഎസ്എല്ലിൽ ആദ്യമായാണ് ഒരു താരം 50 ഗോളുകൾ നേടുന്നത്.
Read More: ത്രികോണ പ്രണയകഥയുമായി ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’- ടീസർ
2015-ൽ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ഛേത്രി ഏഴ് ഗോളുകൾ നേടി ആ സീസണിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ ഗോൾ സ്കോററായിരുന്നു. ഐഎസ്എൽ 2017-18 സീസണിൽ 14 ഗോളുകൾ നേടിയ ഛേത്രി ബെംഗളൂരുവിനെ അവരുടെ കന്നി സീസണിൽ തന്നെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
ഐഎസ്എല്ലിൽ ആകെ 110 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 50 ഗോളുകളിൽ എത്തിയത്.
Story Highlights: Sunil Chhetri becomes ISL top scorer