മഞ്ഞുമാത്രം ഉപയോഗിച്ച് നിർമിച്ച താജ്മഹൽ; കൗതുകമായി ഗുൽമാർഗിലെ മഞ്ഞു ശിൽപം

February 16, 2022

മഞ്ഞിന്റെയും തണുപ്പിന്റെയും ലഹരികൊണ്ട് സഞ്ചാരികളെ ആകർഷിക്കുകയാണ് ഗുൽമാർഗ്. ഈ മഞ്ഞുകാലത്ത് ഗുൽമാർഗ് സഞ്ചാരികളെ ആകർഷിക്കുന്നത് മനോഹരമായ ഒരു മഞ്ഞു ശില്പത്തിലൂടെയാണ്. 17 ദിവസമെടുത്ത് പൂർത്തിയാക്കിയ താജ്മഹലിന്റെ സങ്കീർണ്ണമായ കൊത്തുപണികൾപോലും പകർത്തിയ മഞ്ഞു ശിൽപം ഇപ്പോൾ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുന്നു.

ഗ്രാൻഡ് മുംതാസ് എന്ന ഹോട്ടലിലെ ജീവനക്കാരാണ് ഇങ്ങനെയൊരു രൂപകല്പനയ്ക്ക് പിന്നിൽ.ഗുൽമാർഗിനെ കൂടുതൽ ആകർഷകവും വിനോദസഞ്ചാരികൾക്ക് അവിസ്മരണീയവുമാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.16 അടി ഉയരത്തിലും 24 അടി വിസ്തീർണ്ണത്തിലുമാണ് ഐസ് ശിൽപം ഒരുക്കിയിരിക്കുന്നത്. 4 അംഗ സംഘം 17 ദിവസം നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടാണ് ഇത് പൂർത്തിയാക്കിയത്.ഈ നിർമാണത്തിനായി മഞ്ഞുമാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.

ഹോട്ടലിന്റെ പേരുമായി സാമ്യം പുലർത്തുന്ന എന്തെങ്കിലും വിനോദ സഞ്ചാരികളെ ആകർഷിക്കാനായി തയ്യാറാക്കണെമെന്ന് ജീവനക്കാർ ആഗ്രഹിച്ചിരുന്നു. ആളുകൾക്ക് ഇത് അവിസ്മരണീയ അനുഭവമാക്കാൻ ഏകദേശം 100 മണിക്കൂർ സമയമെടുത്ത് നിർമിച്ചതാണ് ഈ മഞ്ഞു ശിൽപം. ഈ സ്ഥലം ഇതിനകം തന്നെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുന്നു.

Read Also: ഹൃദയം കവർന്ന് മനോഹരമായൊരു മെലഡി-ഉപചാരപൂർവം ഗുണ്ട ജയനിലെ ഗാനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലകാരണങ്ങൾകൊണ്ട് നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഗുൽമാർഗ് . ദിവസങ്ങൾക്ക് മുമ്പ്, പട്ടണത്തിലെ ഒരു ഇഗ്ലൂ കഫേ ജമ്മു കാശ്മീരിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ഗുൽമാർഗിലെ പ്രശസ്തമായ സ്കീ റിസോർട്ടിലാണ് ‘സ്നോഗ്ലു’ സജ്ജീകരിച്ചിരിക്കുന്നത്. 37.5 അടി ഉയരവും 44.5 അടി വ്യാസവുമുള്ള ഇത് 40 അതിഥികൾക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേ ആയി വിശേഷിപ്പിക്കപ്പെടുന്നു.

Story highlights- Taj Mahal snow sculpture