ഹൃദയം കവർന്ന് മനോഹരമായൊരു മെലഡി-ഉപചാരപൂർവം ഗുണ്ട ജയനിലെ ഗാനം

February 16, 2022

സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ഈ കോമഡി എന്ററൈനെർ ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്.

ഇപ്പോഴിതാ, ചിത്രത്തിലെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചില്ലുമണി കായലിന്റെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. മനോഹരമായ ഈ മെലഡിയുടെ ദൃശ്യങ്ങളും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Read Also: യഥാർത്ഥ പ്രണയത്തിന്റെ അടയാളപ്പെടുത്തലായി ബിലവ്ഡ്’; പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി പ്രണയദിന സ്‌പെഷ്യൽ വിഡിയോ

സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യുക.

Story highlights- second song ‘Chillumani Kayalinte’ from ‘Upacharapoorvam Gunda Jayan’