പാൻ ഇന്ത്യൻ താരമായി ടൊവിനോ; ഫിലിം ഫെയർ ഡിജിറ്റൽ മാഗസിൻ മുഖചിത്രമാവുന്ന ആദ്യ മലയാളി താരം
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വലിയ ജനപ്രീതിയാണ് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നേടിയിട്ടുള്ളത്. മികച്ച നടൻ എന്നതിനൊപ്പം തന്നെ തന്റെ സാമൂഹിക പ്രതിബദ്ധതയും ടൊവിനോയെ ജനപ്രിയനാക്കിയിട്ടുണ്ട്. ‘മിന്നൽ മുരളി’ എന്ന ചിത്രം നേരത്തെ തന്നെ ടൊവിനോയെ ഒരു പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിച്ചിരുന്നു.
ഇപ്പോൾ ഫിലിം ഫെയറിന്റെ ഡിജിറ്റൽ മാഗസിന്റെ കവർ ചിത്രമായാണ് ടൊവിനോ വാർത്തകളിൽ നിറയുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയിലെ ചന്ദ്രപ്രകാശ് എന്ന ചാനല്‍ ജേണലിസ്റ്റിന്റെ മേക്ക് ഓവര്‍ ലുക്കിലാണ് ടൊവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്. ത്രില്‍ റൈഡ് എന്ന തലക്കെട്ടിലാണ് കവര്‍ സ്റ്റോറി
മാര്‍ച്ച് 3 നാണ് ചിത്രം റിലീസിനെത്തുന്നത്. മിന്നല്‍ മുരളി സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ താരമൂല്യത്തിന് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രവുമാണ് നാരദന്‍. ന്യൂസ് ചാനല്‍ കഥാപശ്ചാത്തലമാകുന്ന നാരദന്‍ മാധ്യമവിമര്‍ശനം ഉദ്ദേശിച്ചുള്ള ചിത്രമല്ലെന്ന് ആഷിക് അബു നേരത്തെ പറഞ്ഞിരുന്നു. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉണ്ണി. ആര്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജാഫര്‍ സാദിഖ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: Tovino features as cover picture of fimfare magazine