കൊടുംതണുപ്പിൽ പൊട്ടിത്തെറിക്കുന്ന മരങ്ങൾ; ഞെട്ടലോടെ സമീപവാസികൾ, ആശങ്ക നിറച്ച പ്രതിഭാസത്തിന് പിന്നിൽ…

February 11, 2022

അതിശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന താഴ്വാരങ്ങളും മലകളുമൊക്കെ വളരെ മനോഹരമായ കാഴ്ചാനുഭൂതിയാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. എന്നാൽ കൊടുംതണുപ്പിൽ പതിയിരിക്കുന്ന അപകടങ്ങളും നിരവധിയാണ്. യുഎസിലെ ടെക്സസ് പോലുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത നിരവധിയിടങ്ങളുമുണ്ട്. ഇവിടെ മനുഷ്യർ പോലും നിന്ന നിൽപ്പിൽ മരവിച്ച് ഐസായിപ്പോയ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ വാർത്താപ്രാധാന്യം നേടുന്ന മറ്റൊരു വാർത്തയാണ് ടെക്‌സാസിൽ നിന്നും വരുന്നത്. അതിശൈത്യത്തെത്തുടർന്ന് പൊട്ടിത്തെറിക്കുന്ന മരങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇത്.

സ്ഫോടനങ്ങളുടേതിന് സമാനമായ വലിയ പൊട്ടിത്തെറികൾ കേട്ടതോടെ ഇവിടെയുള്ളവർ ഇതിന് പിന്നിലെ കാരണങ്ങളും അന്വേഷിച്ച് തുടങ്ങി. തുടർന്നാണ് ഇത് യഥാർത്ഥത്തിൽ മരങ്ങൾ പൊട്ടിത്തെറിക്കുന്നത് മൂലം ഉണ്ടാകുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞത്. രാത്രികാലങ്ങളിലാണ് പൊതുവെ ഈ പൊട്ടിത്തെറിക്കുന്ന ശബ്ദം പുറത്തുവരുന്നത്. രാത്രിയിൽ ശൈത്യം രൂക്ഷമാകുന്നതോടെയാണ് മരങ്ങളുടെ ഉള്ളിൽ പൊട്ടിത്തെറികൾ സംഭവിക്കുന്നത്. ഇതിനൊപ്പം മരങ്ങളും ചില്ലകളുമടക്കം വലിയ ശബ്ദത്തിനൊപ്പം പൊട്ടിച്ചിതറുകയും ചെയ്യും.

Read also: ഇത് പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം; ശ്രദ്ധനേടി ‘ജെയിംസ്’ ട്രെയ്‌ലർ, പ്രിയതാരത്തിന്റെ ഓർമയിൽ ആരാധകർ

അതേസമയം ഗവേഷകർ പറയുന്നത് പ്രകാരം ആർട്ടിക് മേഖലയിൽ ശൈത്യം രൂക്ഷമാകുമ്പോൾ ഈ പ്രതിഭാസം സംഭവിക്കാറുണ്ട്. എന്നാൽ ടെക്സസിൽ ഈ പ്രതിഭാസം ഉണ്ടായത് ഗവേഷകരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. രാത്രിസമയങ്ങളിൽ ടെക്‌സാസിലെ താപനില എത്രമാത്രം താഴേക്ക് പോകുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഇവർ സൂചിപ്പിക്കുന്നത്.

തണുപ്പ് കൂടുതുമ്പോൾ വൃക്ഷങ്ങളുടെ ഉള്ളിലുള്ള ദ്രാവകമായ സാപ് മരവിക്കുകയും ഇത് വികസിക്കുകയും ചെയ്യും. അങ്ങനെ ഇവ സൃഷ്ടിക്കുന്ന സമ്മർദ്ദത്തിന്റെ ഫലമായാണ് മരങ്ങൾ പൊട്ടിത്തെറിക്കുന്നത്. മരത്തിന് നിലനിൽക്കാനും വളരാനും ആവശ്യമായുള്ള ദ്രാവകമാണ് സാപ്.

Story highlights:Why Are Trees Exploding During Texas’ Freezing Storms?