തത്സമയ കാലാവസ്ഥാ പ്രവചനത്തിനിടെ നഷ്‌ടമായ സഹോദരനെ തിരിച്ചറിഞ്ഞ നിമിഷം; കൗതുകമായൊരു ഒത്തുചേരൽ

February 9, 2022

വേർപിരിഞ്ഞു പോയവർ ദീർഘകാലത്തിന്‌ ശേഷം കണ്ടുമുട്ടുന്ന അതിമനോഹരമായ നിമിഷങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും സഹോദരങ്ങളും കുടുംബാംഗങ്ങളുമൊക്കെ ജീവനോടെ ഉണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയിൽ നഷ്ടമായവരുമായി ഒത്തുചേരുന്ന അപൂർവ്വ നിമിഷങ്ങൾ..അങ്ങനെയൊരു കണ്ടുമുട്ടലിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലോകം. ഒരു തത്സമയ കാലാവസ്ഥാ പ്രവചനത്തിനിടെ ആണ് രണ്ടു സഹോദരങ്ങൾ കണ്ടുമുട്ടിയത്.

കാലിഫോർണിയയിൽ താമസിക്കുന്ന റാണ്ടി വെയ്‌റ്റ്‌സ് കാലാവസ്ഥാ റിപ്പോർട്ട് കണ്ടുകൊണ്ടിരുന്നപ്പോൾ തന്റെ നഷ്‌ടമായ ഒരു കുടുംബാംഗത്തെ കണ്ടെത്തുമെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. വാർത്താവതാരകൻ ഒരാളുടെ അഭിമുഖം എടുക്കുകയായിരുന്നു കാലാവസ്ഥയെക്കുറിച്ച്. അഭിമുഖം നൽകുന്ന ആളെ എഡ്ഡി വെയ്റ്റ്സ് എന്ന് വിളിക്കുന്നതിൽ റാണ്ടിക്ക് കൗതുകം തോന്നി. കാരണം തന്റെ പേരിനോട് വളരെയേറെ സാമ്യം.

അങ്ങനെ ടെലിവിഷൻ സ്‌ക്രീനിൽ കണ്ട ആ വ്യക്തിയെ കുറിച്ച് മകളിലൂടെ അന്വേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അവിശ്വസനീയമായ ആ സത്യം കണ്ടെത്തുന്നതിന് അധികം വൈകിയില്ല – എഡ്ഡി വെയ്റ്റ്സ്, ഒരിക്കലും കണ്ടിട്ടില്ലാത്ത റാണ്ടിയുടെ സഹോദരനായിരുന്നു!

Read Also: ബാബു ഈ ദിവസം നിങ്ങളുടേത്- സന്തോഷമറിയിച്ച് ഷെയ്ൻ നിഗം

സ്‌ക്രീനിൽ കണ്ടപ്പോൾ മുതൽ അച്ഛനെ അനുസ്മരിപ്പിക്കുന്ന ഭാവചലനങ്ങളായിരുന്നു എഡ്ഡി വെയ്റ്റ്സ് എന്ന വ്യക്തിക്ക് എന്നാണ് റാൻഡിയുടെ മകൾ പ്രതികരിച്ചത്. അങ്ങനെയാണ് പ്രാദേശികമായ ഒരു ഗവേഷണം നടത്തിയത്. എന്തായാലും കണ്ടെത്തലിന് പിന്നാലെ ഫോണിൽ വിളിച്ചും നേരിട്ട് കണ്ടും അവർ സ്നേഹം പങ്കുവെച്ചു. കൗതുകകരമെന്നു പറയട്ടെ, ഈ സഹോദരങ്ങൾ പരസ്പരം വെറും 50 കിലോമീറ്ററിനുള്ളിൽ വളർന്നുവെങ്കിലും 2022 ഫെബ്രുവരി 6 വരെ കണ്ടുമുട്ടിയതേയില്ല.

Story highlights- Two brothers met for the first time