മനുഷ്യനെയല്ല മരത്തെയും മതിലിനെയും നിറത്തെയുമൊക്കെ പ്രണയിച്ചവർ… അറിയാം വിചിത്രമായ ചില പ്രണയ ബന്ധങ്ങളും അവയ്ക്ക് പിന്നിലെ കാരണങ്ങളും
കൗതുകവും രസകരവുമായ ചില പ്രണയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഈ പ്രണയദിനത്തിൽ ഏറെ ശ്രദ്ധനേടുന്നത്. മനുഷ്യനെ മാത്രമല്ല നിറത്തെയും മരത്തെയും മതിലിനെയുമൊക്കെ പ്രണയിച്ചവരുണ്ടത്രേ. കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും അങ്ങനെയും ചിലരുണ്ട്. ഇതിനെ ‘ഒബ്ജെക്ടം സെക്ഷ്വാലിറ്റി’ എന്നാണ് പറയുന്നത്. അതായത് ആളുകള്ക്ക് ഏതെങ്കിലും വസ്തുക്കളോടുള്ള സ്നേഹത്തെയാണ് ഒബ്ജെക്ടം സെക്ഷ്വാലിറ്റി എന്ന് പറയുന്നത്.
മതിലിനെ പ്രണയിച്ചവൾ
സ്വീഡൻ സ്വദേശിയായ ഒരു യുവതിയ്ക്ക് ബെർലിൻ മതിലിനോട് തോന്നിയ പ്രണയമാണ് ഇത്തരത്തിൽ ഒബ്ജെക്ടം സെക്ഷ്വാലിറ്റിയ്ക്ക് ഏറ്റവും വലിയ ഉദാഹരണമായ പ്രണയങ്ങളിൽ ഒന്ന്. ‘ എയ്ജ റീത്ത എക്ലോഫ് ബെർലിൻ വാൾ’ ഇതാണ് അവരുടെ മുഴുവൻ പേര്. പേര് കേൾക്കുമ്പോൾ തന്നെ മനസിലാകും അവരുടെ ബെർലിൻ മതിലിനോടുള്ള പ്രണയത്തെക്കുറിച്ച്. കാരണം പ്രണയിച്ച് മതിലിനെ വിവാഹം കഴിച്ചതോടെയാണ് ഇവരുടെ പേരിനോടൊപ്പം ബെർലിൻ മതിലിന്റെ പേരും ചേർക്കപ്പെട്ടത്. അതേസമയം എയ്ജയുടെ ഈ അവസ്ഥയെക്കുറിച്ചുള്ള ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയ ‘ബെർലിൻമുറെൻ’ എന്ന ചിത്രം എയ്ജയുടെ ജീവിതത്തെക്കുറിച്ച് അന്തരാഷ്ട്ര തലത്തിൽ വരെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
അതേസമയം 1989 നവംബറിൽ ബെർലിൻ മതിൽ തകർക്കപ്പെട്ട വർത്തയറിഞ്ഞ എയ്ജ പൂർണമായും തകർന്നുപോയി. അന്ന് മുതൽ താനൊരു വിധവയാണ് എന്നാണ് എയ്ജ സ്വയം വിശേഷിപ്പിക്കുന്നത്. 2015 ഒക്ടോബർ 31 ന് എയ്ജ മരണത്തിന് കീഴടങ്ങി.
മരത്തെ പ്രേമിച്ച കേറ്റ്
മരത്തെ പ്രണയിച്ച കേറ്റ് കണ്ണിംഗ്ഹാം എന്ന യുവതിയുടെ കഥയും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിലുള്ള കൗതുകമാണ് ജനിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ റിംറോസ് വാലി കൺട്രി പാർക്കിലുള്ള ഒരു മരത്തെയാണ് കേറ്റ് പ്രണയിച്ചത്. ആഴ്ചയിൽ അഞ്ച് തവണയെങ്കിലും കേറ്റ് തന്റെ പ്രണയിനിയെ കാണാൻ ഇവിടെ എത്തും. ഓരോ ആഘോഷങ്ങൾക്കും മരത്തെ അലങ്കരിക്കുന്നതും മരത്തിനൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്നതുമൊക്കെ കേറ്റിന് വളരെ ഇഷ്ടമാണ്. 2019 മുതൽ ഈ മരത്തിന്റെ ഭാര്യയാണ് കേറ്റ് ജീവിക്കുന്നത്.
പിങ്കിനെ പ്രണയിച്ച പെൺകുട്ടി
കിറ്റൻ കേ സെറ എന്ന യുവതി തന്റെ 40 വർഷം നീണ്ട് നിന്ന പിങ്ക് പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി ഒന്ന് പുതുവത്സര ദിനത്തിൽ പിങ്ക് നിറത്തെ വിവാഹം ചെയ്തത് സോഷ്യൽ ഇടങ്ങളിൽ അടക്കം കൗതുകമായിരുന്നു. കേൾക്കുമ്പോൾ കുറച്ച് വിചിത്രം എന്ന് തോന്നുമെങ്കിലും സംഗതി രസകരമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സെറയ്ക്ക് പിങ്ക് നിറം വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കുന്ന എന്തിലും കുറച്ച് പിങ്ക് മയം ഉണ്ടായിരിക്കും. അങ്ങനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി ഒന്നിനാണ് സെറ ഈ നിറത്തെ വിവാഹം ചെയ്തത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നിറച്ചാണ് വിവാഹത്തിന് എത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന് പുറമെ കല്ലിനെ പ്രണയിച്ച കലാകാരിയുടെ കഥയും ഫോണിനെ പ്രണയിച്ച ആളുകളുടെ കഥയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ അടക്കം കൗതുകമാകുകയാണ്.
Story highlights: variety love stories