പുനീത് രാജ്കുമാറിന്റെ സ്മാരകത്തിൽ ദീപം കൊളുത്താൻ വിജയ് എത്തി- ഹൃദയംതൊട്ട് ചിത്രങ്ങൾ
2021ന്റെ പ്രധാന നഷ്ടങ്ങളിൽ ഒന്നാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റെ മരണം. ഒക്ടോബറിൽ 46 കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ വ്യവസായത്തെയാകെ ഞെട്ടിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട നിർണായക ചികിത്സയ്ക്ക് ശേഷമാണ് വിടപറഞ്ഞത്. മാസങ്ങൾക്ക് ശേഷം തമിഴ് നടൻ വിജയ് പുനീത് രാജ്കുമാറിന്റെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയിലെ പുനീത് രാജ്കുമാറിന്റെ സ്മാരകത്തിലാണ് നടൻ ആദരാഞ്ജലികൾ അർപ്പിക്കുകയും മോക്ഷദീപം സമർപ്പിക്കുകയും ചെയ്തത്. ഭാഷയുടെ അതിർവരമ്പും താരപ്പകിട്ടുമില്ലാതെ ആരാധകരോട് അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന താരമാണ് പുനീത്. തമിഴ് താരം വിജയ്യുമായും പുനീത് അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. ഒക്ടോബർ 31-ന് കർണ്ണാടക സർക്കാർ അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അതേസമയം, മരണശേഷം കന്നഡ നടൻ പുനീത് രാജ്കുമാർ നാല് പേർക്കാണ് കാഴ്ച പകർന്നത്. പുനീതിന്റെ കോർണിയ ശേഖരിച്ച് നാരായണ നേത്രാലയയിലെ ഡോക്ടർമാർ നാല് അന്ധർക്കാണ് കാഴ്ച നൽകിയത്.
അച്ഛൻ ഡോ. രാജ്കുമാറിന്റെ പാത പിന്തുടർന്ന് ഒക്ടോബർ 29നാണ് പുനീത് രാജ്കുമാറിന്റെ കുടുംബം അദ്ദേഹത്തിനായി നേത്രദാനം ചെയ്തത്. മരിച്ചതായി പ്രഖ്യാപിച്ചയുടൻ പുനീത് രാജ്കുമാറിന്റെ സഹോദരൻ രാഘവേന്ദ്ര, നാരായണ നേത്രാലയയുടെ കീഴിലുള്ള ഡോ. രാജ്കുമാറിനെ ബന്ധപ്പെടുകയായിരുന്നു.
Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് വയലിൻ കവർ ഒരുക്കി അമേരിക്കൻ പെൺകുട്ടി- ഹൃദ്യം ഈ പ്രകടനം
1994-ൽ നേത്രബാങ്കിന്റെ ഉദ്ഘാടന വേളയിൽ ഡോ.രാജ്കുമാർ തന്റെ മുഴുവൻ കുടുംബത്തിന്റെയും കണ്ണുകൾ മരണശേഷം ദാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. രാജ്കുമാർ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. അതെ പാത പിന്തുടർന്നാണ് പുനീതിന്റേയും കണ്ണുകൾ ദാനം ചെയ്തത്.
Story highlights- Vijay pays his respects at Puneeth Rajkumar’s memorial