ഇതാണ് ‘ഹൃദയം’ കണ്ടവർ അന്വേഷിച്ച അയ്യപ്പേട്ടന്റെ ആ ചായക്കട- വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ
മലയാള സിനിമാലോകത്തിന് ആവേശം പകർന്നാണ് ഹൃദയം സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രം മികച്ച പ്രതികരണം നേടുകയാണ്. രണ്ടരവർഷത്തോളമുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങളെപ്പോലെത്തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് സിനിമയിലെ ലൊക്കേഷനും. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട. ഇപ്പോഴിതാ ഈ കടയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ.
ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.- വിനീത് കുറിച്ചു.
Read also: ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം
കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാട്ടുകൾക്ക് പ്രാധാന്യം നല്കികൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ഹൃദയം. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ്ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.
Story highlights: vineeth sreenivasan reveals the porotta shop in hridayam movie