പതിവ് ഷോപ്പിംഗ് രീതികളിലേക്ക് മടങ്ങാം; നാട്ടിൽ നിന്ന് വാങ്ങൂ, നാടിനെ വളർത്തൂ
കൊവിഡ് മഹാമാരിക്കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ ആളുകളും പർച്ചേഴ്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈനാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കടകളിലേക്ക് പോകുന്നതു വഴി കൊവിഡ് പകരാനുള്ള സാധ്യത കൂടുതലാണ്, ഇതാണ് കൂടുതലായും ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്കെത്തിച്ചത്. നേരത്തേ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങി ശീലമില്ലാത്തവര്‍ പോലും ഈ രീതി പരീക്ഷിക്കാന്‍ കൊവിഡ് കാരണമായി. പലരിലും പിന്നീട് ഇത് ഒരു ശീലമായി മാറുകയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടകളിൽ പൊതുവെ തിരക്ക് കുറവാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ ഇത് കൂടുതല്‍ രൂക്ഷമായി. കൊവിഡ് ഭീതി മാറിയാലും ആളുകള്‍ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികളിലേക്ക് തിരികെ വരില്ലേ എന്ന ആശങ്കയിലാണ് വ്യാപാരികള്‍. വീട്ടമ്മമാർ പോലും ഓൺലൈൻ ഷോപ്പർമാരായി മാറിയിരിക്കുകയാണ്. ഈ വീട്ടമ്മമാർക്കായി ഇന്ത്യൻ വിപണി മുഴുവൻ തുറന്നിരിക്കുന്നു. ഇത് അവരെ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേക്ക് ആകർഷിക്കുന്നു.
ഓൺലൈൻ വിപണി ഉയർത്തുന്ന വെല്ലുവിളികൾ നമ്മുടെ നാട്ടിലെ ഒരുകൂട്ടം ചെറുകിട വ്യാപാരികളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ആളുകൾ നേരിട്ട് കടകളിൽ എത്തുന്നത് കുറഞ്ഞതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായിരിക്കുകയാണ്. അത്തരത്തിൽ ഓൺലൈൻ വിപണി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് വി കെ സി പ്രൈഡ് ഷോപ്പ് ലോക്കൽ ക്യാമ്പയിന് തുടക്കമിട്ടത്. ചെറുകിട വ്യപാരികൾക്ക് ഊർജം പകരുകയെന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. ഈ ക്യാമ്പയിൻ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് വി കെ സിയുടെ ലക്ഷ്യം. പാദരക്ഷാ വ്യാപരികളെ മാത്രം ലക്ഷ്യമിട്ടല്ല വി കെ സി ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. മുഴുവൻ പ്രാദേശിക വ്യാപാരികളുടെയും ശ്രദ്ധ കേന്ദ്രീകരിച്ചാണ് വി കെ സിയുടെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഷോപ്പ് ലോക്കൽ ക്യാമ്പയിൻ ചെറുകിട വ്യാപരികൾക്ക് ഉത്തേജനമേകും. ഉപഭോക്തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്കാരം വളർത്തുകയാണ് ഷോപ്പ് ലോക്കലിന്റെ മറ്റൊരു ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പണവിനിമയം വർധിക്കാനും വി കെ സി ഷോപ്പ് ലോക്കൽ ക്യാമ്പയിൻ വഴിയൊരുക്കും.
Story highlights: Vkc shop local campaign