അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

February 18, 2022

മലയാള സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് വൈക്കം വിജയലക്ഷ്മിയുടേത്. ആ ആലാപന മികവും ആസ്വദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ചലച്ചിത്രപിന്നണി ഗാനരംഗത്ത് നിറസാന്നിധ്യമായി മാറിയ വൈക്കം വിജയലക്ഷ്മിയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ചിരികാഴ്ചകൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ സംഗീത സാന്ദ്രമാക്കാൻ ഈ വേദിയിൽ എത്തിയിരിക്കുകയാണ് ഡോക്ടർ വൈക്കം വിജയലക്ഷ്മി.

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വൈക്കം വിജയലക്ഷ്മി ഈ വേദിയിൽ എത്തിയത്. ചിരി വേദിയിലെ തമാശകൾക്കൊപ്പം മനോഹരമായ പാട്ടുകളും പാടി വേദിയെ കൂടുതൽ മനോഹരമാക്കി വിജയലക്ഷ്മി. ഒപ്പം ഗായതിവീണമീട്ടിയും ഈ വേദിയെ അതിഗംഭീരമാക്കി ഈ അത്ഭുത കലാകാരി. വിജയലക്ഷ്മി തന്നെ ചിട്ടപ്പെടുത്തിയ ഗാനത്തെയും ഗായത്രിവീണയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു ഈ കലാകാരി.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി കളിവീണ വിജയലക്ഷ്മി മീട്ടിത്തുടങ്ങിയത്. ആദ്യമായി കൈയിൽ കിട്ടിയ സംഗീതോപകരണം ഉപയോഗിച്ചപ്പോൾ വിജയലക്ഷ്മി അതിൽ സൃഷ്ടിച്ച സംഗീതത്തെ അന്ന് അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു. പിന്നീട് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയ തംബുരുവിലും സംഗീതം പൊഴിയിച്ചു ഈ കൊച്ചുകലാകാരി. എന്നാൽ പിന്നീട് വിജയലക്ഷ്മിയുടെ അച്ഛൻ മകൾക്കായി ഒരുക്കി നൽകിയ സംഗീതോപകരണമാണ് ഈ ഗായത്രിവീണ. ലോകത്ത് ആദ്യമായി ഈ ഉപകരണം വായിക്കുന്ന വ്യക്തിയും വിജയലക്ഷ്മി തന്നെയാണ്. സംഗീതോപകരണങ്ങൾ വായിക്കാൻ പഠിച്ചിട്ടില്ലാത്ത വിജയലക്ഷ്മിയുടെ ഈ പ്രകടനത്തെ അസാധ്യം എന്നല്ലാതെ ഒന്നും പറയാനില്ല.

Read also: പാട്ട് വേദിയിൽ മിയകുട്ടിയെ തേടിയെത്തിയ ഷാരൂഖ് ഖാൻ, ഹൃദയം കവർന്ന വിഡിയോ

ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച്  സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയായ വൈക്കം വിജയലക്ഷ്മി ഇപ്പോൾ സംഗീത സംവിധാനത്തിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്.

‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ചുവടുവെച്ചതാണ് വിജയലക്ഷ്മി. ‘കാറ്റേ കാറ്റേ നീ പൂക്കമരത്തില്…’ എന്നു തുടങ്ങുന്ന ഗാനമാണ് സെല്ലുലോയ്ഡില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ചത്. മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റിയിരുന്നു.

Story highlights: Vaikkam Vijayalakshmi amazing perfomance