സൂപ്പർമാൻ വേഷമണിഞ്ഞ് ആശുപത്രികളും വഴിയോരങ്ങളിലും; പുഞ്ചിരി വിരിയിച്ച് ഒരു ചെറുപ്പക്കാരൻ

May 1, 2024

സമൂഹമാധ്യമങ്ങളിൽ കുറച്ചുനാളായി ജനപ്രിയനായ മാറിയ ഒരു യുവാവുണ്ട്. സൂപ്പർമാൻ വേഷം ധരിച്ച് ആളുകൾക്ക് അരികിലേക്ക് എത്തുന്ന ഈ 36കാരൻ യഥാർത്ഥത്തിൽ ഒരു സൂപ്പർ ഹീറോ തന്നെയാണ്. ബ്രസീലിയൻ വംശജനായ ലിയനാർഡോ മുയ്‌ലേർട്ട് പ്രിയതമയ്‌ക്കൊപ്പമുള്ള ഒരു വിനോദയാത്രയ്ക്കിടയിലാണ് തൻ്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അപ്രതീക്ഷിത സൂപ്പർ പവറിലേക്ക് ചേക്കേറിയത്.

നല്ല ഉയരവും കോമിക് കഥകളിൽ നമ്മൾ കണ്ടിട്ടുള്ള സൂപ്പർമാന്റെ രൂപവുമുള്ള ലിയനാർഡോ, 2022-ൽ സാവോ പോളോയിൽ നടന്ന കോമിക്-കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഒരു അപരിചിതൻ സൂപ്പർമാൻ ചലച്ചിത്രതാരം ക്രിസ്റ്റഫർ റീവുമായുള്ള സാമ്യം കണ്ട് ആശ്ചര്യപ്പെട്ട് ഒരു വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതോടെ അദ്ദേഹത്തെ ആളുകൾ അന്വേഷിച്ചെത്തിത്തുടങ്ങുകയായിരുന്നു.

ആഴ്‌ചകൾക്ക് ശേഷം, ‘ബ്രസീലിയൻ സൂപ്പർമാൻ’ എന്ന് വിളിക്കപ്പെടുന്ന ഒരു ഓൺലൈൻ സെൻസേഷനായി താൻ മാറിയെന്ന് സുഹൃത്തുക്കളിലൂടെ മുയ്‌ലേർട്ട് മനസ്സിലാക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ആശയം ഉടലെടുത്തത്: ഒരു സൂപ്പർമാൻ സ്യൂട്ട്അണിഞ്ഞ് നടന്നാലോയെന്ന്. അങ്ങനെ പഴയ രീതിയിലുള്ള ഒരു വസ്ത്രം ഓൺലൈനിൽ ഓർഡർ ചെയ്തു, സൂപ്പർമാനായി ബ്രസീലിൽ ചുറ്റിക്കറങ്ങാൻ തുടങ്ങി.

ആളുകളുമായി ഇടപഴകാൻ ലിയനാർഡോ മുയ്‌ലേർട്ടിന് ഈ വേഷപ്പകർച്ച സഹായകമായി. മാത്രമല്ല, സൂപ്പർമാനുമായുള്ള രൂപസാദൃശ്യം ലിയനാർഡോ മുയ്‌ലേർട്ടിനെ ജനപ്രിയനാക്കി. സൂപ്പർമാൻ നല്ല കാര്യങ്ങൾ ആളുകൾക്ക് ചെയ്യുന്ന ഒരു സൂപ്പർ ഹീറോ ആണ്. അതിനാൽ താനെന്ന ലിയനാർഡോ മുയ്‌ലേർട്ട് ഈ വേഷത്തിൽ സന്ദർശിച്ചതെല്ലാം ആശുപത്രികൾ ആയിരുന്നു. വയോധികരെയും കുട്ടികളെയും സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല, പ്രായമായവരെ റോഡ് മുറിച്ച് കടക്കാനുമൊക്കെ ലിയനാർഡോ മുയ്‌ലേർട്ട് ഈ വേഷത്തിലെത്തി സഹായിക്കുന്നു.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

അതേസമയം, യഥാർത്ഥത്തിൽ ഒരു അഭിഭാഷകനാണ് അദ്ദേഹം. ജോലിയിലും വ്യാപൃതനാണ് ലിയനാർഡോ മുയ്‌ലേർട്ട്. വാദപ്രതിവാദങ്ങൾ നിറഞ്ഞ കോടതി മുറികളുടെ സമ്മർദ്ദം മാറാനും അദ്ദേഹത്തിന് ഈ വേഷപ്പകർച്ച സഹായകമാകുന്നുണ്ട്.

Story highlights- The Brazilian Superman