അതിഗംഭീരം’; അമിതാഭ് ബച്ചന്റെ ‘ഝുണ്ട്’ തന്നെ അമ്പരപ്പിച്ച ചിത്രമെന്ന് പ്രീവ്യുവിന് ശേഷം ആമിർ ഖാൻ
ഇന്ത്യയുടെ ഇതിഹാസ താരം അമിതാഭ് ബച്ചൻ പ്രശസ്ത മറാഠി സംവിധായകൻ നാഗരാജ് മഞ്ജുളെയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഝുണ്ട്.’ വലിയ നിരൂപകപ്രശംസയും പ്രേക്ഷകരുടെ സ്വീകാര്യതയും നേടിയ ഫാണ്ട്രി, സൈറാത്ത് എന്നീ മറാത്തി ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് കൂടിയായ നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ഝുണ്ട്.
ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമായ ആമിർ ഖാൻ ചിത്രത്തെ പുകഴ്ത്തി പറഞ്ഞിരിക്കുന്ന വാക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ ആവേശമാവുന്നത്. ചിത്രം അതിഗംഭീരമാണെന്നാണ് ആമിർ ഖാൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. സിനിമയുടെ ഊർജ്ജം തന്നെ വിട്ട് പോവുന്നില്ലെന്നും അമിതാഭ് ബച്ചന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് ഝുണ്ടിലേതെന്നും ആമിർ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രീവ്യുവിന് ശേഷമാണ് ആമിർ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
“അതിഗംഭീര ചിത്രമാണ് ഝുണ്ട്. വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് നിങ്ങള്‍ ഈ ചിത്രം നിര്‍മിച്ചത്. സിനിമ പങ്കുവയ്ക്കുന്ന ഈ ഊര്‍ജ്ജം ഒരിക്കലും എന്നെ വിട്ടുപിരിയുമെന്ന് തോന്നുന്നില്ല. എത്ര ഗംഭീരമായാണ് സിനിമയിലെ ഓരോ അഭിനേതാക്കളും അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ഝുണ്ട് എന്നെ ശരിക്കും അമ്പരപ്പിച്ചു. അതിശക്തമായ കഥാപാത്രത്തെയാണ് സിനിമയില്‍ അമിതാഭ് ബച്ചന് അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാടു മികച്ച സിനിമകള്‍ സംഭവിച്ചിട്ടുണ്ട്. ഝുണ്ട് തീര്‍ച്ചയായും അവയിലൊന്നാണ്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച കഥാപാത്രം”- പ്രീവ്യു കണ്ടതിന് ശേഷം ആമിർ ഖാൻ പറഞ്ഞു.
അമിതാഭ് ബച്ചന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമ സ്വഭാവത്തിലുള്ളതാണ്. തെരുവു കുട്ടികളെ ഫുട്ബോളിലൂടെ ഒരുമിച്ചു ചേര്‍ക്കുന്ന പ്രൊഫസറുടെ വേഷത്തിലാണ് അമിതാഭ് ബച്ചന് ചിത്രത്തിലെത്തുന്നത്. ചേരി ഫുട്ബോളിലൂടെ പ്രശസ്തനായ വിജയ് ബര്‍സെയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഝുണ്ട് ഒരുക്കിയിരിക്കുന്നത്.
നാഗരാജ് മഞ്ജുളെയുടെ സൈറാത്തില്‍ നിര്‍ണായക വേഷത്തിലെത്തിയിരുന്ന ആകാശ് തോസറും റിങ്കു രാജ്ഗുരുവും ഝുണ്ടിന്റെ ഭാഗമാണ്. ടി-സീരീസും മഞ്ജുളെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാര്‍ച്ച് 4 ന് തിയേറ്ററുകളിലെത്തും.
Story Highlights: Aamir khan praises ‘Jhund’