കോലി പിന്നിടുന്നത് നിർണായകമായ നാഴികക്കല്ലെന്ന് ഗാംഗുലി; നൂറാം ടെസ്റ്റിൽ കോലിക്കായി കൈയടിക്കാനെത്തുമെന്നും ബിസിസിഐ പ്രസിഡന്റ് കൂടിയായ താരം അറിയിച്ചു

March 3, 2022

ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മൊഹാലിയിൽ തുടങ്ങാനിരിക്കുമ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ നൂറാം ടെസ്റ്റിനാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയിറങ്ങുന്നത്. ഇതോടെ നൂറ് ടെസ്റ്റുകൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായും കോലി മാറും. കോലിയുടെ നൂറാം ടെസ്റ്റ് ഒരു വലിയ ആഘോഷമാക്കാനാണ് ബിസിസിഐയും ഇന്ത്യൻ ടീമും ശ്രമിക്കുന്നത്. നേരത്തെ പല താരങ്ങളും നൂറാം ടെസ്റ്റിന് കോലിക്ക് ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോൾ കോലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും കൂടിയായ സൗരവ് ഗാംഗുലി. വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് കോലി പിന്നിടുന്നതെന്നും അതിന് കോലി വലിയ കൈയടി അർഹിക്കുന്നുവെന്നും പറഞ്ഞിരിക്കുകയാണ് ഗാംഗുലി. “വിരാട് കോലിയെ 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം. വളരെ കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമെ ഈ നേട്ടത്തിലെത്തിയിട്ടുള്ളു. കോലി മഹാനായ കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണ്” ഗാംഗുലി പറഞ്ഞു.

മികച്ച ഫോമിലേക്ക് കോലി തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഇപ്പോൾ ലണ്ടനിലുള്ള ഗാംഗുലി മൊഹാലി ടെസ്റ്റിനായി എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Read More: അത്ഭുതപ്പെടുത്തികൊണ്ട് കെജിഎഫ് രണ്ടാം ഭാഗം; സിനിമ കണ്ട അനുഭവം പങ്കുവെച്ച് നടൻ പൃഥ്വിരാജ്

ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമനമെടുത്തത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Story Highlights: Ganguly praises kohli