അത്ഭുതപ്പെടുത്തികൊണ്ട് കെജിഎഫ് രണ്ടാം ഭാഗം; സിനിമ കണ്ട അനുഭവം പങ്കുവെച്ച് നടൻ പൃഥ്വിരാജ്

March 3, 2022

ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രിവ്യൂ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. കെജിഎഫ്-2 തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ സിനിമയിയെ പുതിയൊരു തലത്തിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞുവെന്നും പൃഥ്വി കുറിച്ചു.

അതേസമയം കെജിഎഫ്-2 കേരളത്തിൽ അവതരിപ്പിക്കുന്നത് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യു കാണുവാൻ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചിരുന്നു. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രത്തെ കേരളത്തിൽ എത്തിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കരുതുന്നുവെന്നും റോക്കിയുടെ കഥയ്ക്കായി താനും കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് നേരത്തെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രംകൂടിയാണ് കെജിഎഫ്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കെജിഎഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

Story highlights: prithviraj sukumaran is mind blown by yash kgf-2