ഇനിയുള്ള ആറാട്ട് ഒടിടിയിൽ; ‘ആറാട്ട്’ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചു

March 20, 2022

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. പുലിമുരുകന്‍ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് ആറാട്ട്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയത്. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ 31-ാം ദിനത്തിലാണ് ഒടിടിയിൽ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലുടനീളം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം തിയേറ്ററിൽ പ്രദർശനം തുടർന്നത്. ആരാധകർ കാണാൻ ആ​ഗ്രഹിച്ച മോഹൻലാലിനെ സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ നേരത്തെ പറഞ്ഞത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

Read More: ഈ രാധാമണി ചിലപ്പോൾ നിങ്ങൾക്കിടയിലും ഉണ്ടാകും- ‘തീ’യായി നവ്യയുടെ ‘ഒരുത്തീ’, റിവ്യൂ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല മാര്‍ക്കറ്റുകളിലും ആറാട്ടിന്റെ ഷോ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉൾപ്പെട്ടിരുന്നു. ജിസിസിയില്‍ 150 കേന്ദ്രങ്ങളിലായി 450 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ചിത്രത്തിന് ലഭിച്ചിരുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആയിരുന്നു ഇത്.

Story Highlights: Aarattu ott release