‘ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തമായ ആവിഷ്ക്കാരം, നിർബന്ധമായും കാണണം’; പടയെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്
വലിയ നിരൂപകപ്രശംസയും പ്രേക്ഷകരുടെ മികച്ച അഭിപ്രായവും നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മലയാള ചിത്രമാണ് ‘പട.’ കമൽ കെ എം സംവിധാനം ചെയ്ത ചിത്രം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമ കൂടിയാണ്. 1996 ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘പട. പല പ്രമുഖരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.
ഇപ്പോൾ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്ക്കാരമായ പട നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്.
അൽ പച്ചീനോയുടെ വിഖ്യാത ഹോളിവുഡ് ക്ലാസിക് സിനിമയായ ഡോഗ് ഡേ ആഫ്റ്റർനൂണിനോടാണ് അനുരാഗ് കശ്യപ് പടയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ‘ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ’, അനുരാഗ് കശ്യപ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നേരത്തെ തമിഴിലെ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തും പടയെ പ്രശംസിച്ച് അഭിപ്രായം പങ്കുവെച്ചിരുന്നു. ഏറ്റവും മികച്ച രീതിയിലാണ് ‘പട’ എടുത്തിരിക്കുന്നത് എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തിരക്കഥയാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു വിട്ടുവീഴ്ചയും കൂടാതെ സിനിമ എടുത്തത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും സംവിധായകൻ പറഞ്ഞു. ആദിവാസികൾക്കും ദളിതർക്കും അവകാശപ്പെട്ട ഭൂമി അവർക്ക് തിരികെ നൽകണമെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.
വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ് എന്നിവരാണ് ‘പട’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇ4 എന്‍റര്‍ടൈന്മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻ മുഹമ്മദാണ് ‘പട’യുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
Story Highlights: Anurag kashyap about pada