ഇത്രയും പരിഭ്രാന്തിയോടെ മറ്റൊരു കാമറയ്ക്ക് മുന്നിലും നിന്നിട്ടില്ല; മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ലെന

March 21, 2022

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണ്ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ലെന. നിരവധിയാണ് താരം മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഭീഷ്മപർവ്വമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്. സിനിമ വിശേഷങ്ങൾ അടക്കം സോഷ്യൽ ഇടങ്ങളിലും പങ്കുവയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മമ്മൂട്ടി കാമറയിൽ പകർത്തുന്ന ലെനയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇത്രയും ടെൻഷനോടെ മറ്റൊരു കാമറയ്ക്കും മുന്നിലും നിന്നിട്ടില്ല എന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. അതേസമയം താരം പകർത്തിയ ചിത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും ലെന പറയുന്നു. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. വിഡിയോയിൽ മമ്മൂട്ടി ലെന എന്നിവർക്കൊപ്പം വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരെയും കാണാം. മൂവരും ചേർന്ന് മമ്മൂട്ടി കാമറയിൽ എടുത്ത ചിത്രങ്ങൾ നോക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. അതേസമയം നേരത്തെ മഞ്ജു വാര്യർ, ശ്വേത മേനോൻ, തുടങ്ങി നിരവധി പേർ നടന്റെ കാമറക്ക് മുന്നിൽ പോസ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്.

Read also: ഇത് ഗോപന്റെ മാസ് എൻട്രി; ശ്രദ്ധനേടി ആറാട്ട് മേക്കിങ് വിഡിയോ

അതേസമയം അഭിനയത്തിന് പുറമെ നടി തിരക്കഥ രചിക്കുന്ന ആദ്യ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓളം എന്ന് പേരിട്ടിരിക്കുന്ന ചിത്രം വാഗമണ്ണിലാണ് ചിത്രീകരിച്ചത്. നവാഗതനായ വി എസ് അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ വി എസ് അഭിലാഷും ലെനയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധയകന്‍. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അതേസമയം ആടുജീവിതം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Story highlights: Lena share Mammootty captured photos