യുദ്ധഭൂമിയിൽ നിന്നും ആര്യ എത്തി, പ്രിയപ്പെട്ട സൈറയ്ക്കൊപ്പം
ലോകം മുഴുവൻ വേദനയോടെ യുക്രൈനിലേക്ക് ഉറ്റുനോക്കുകയാണ്… യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളുമൊക്കെ വേദനയോടെയാണ് ലോകജനത നോക്കികാണുന്നത്. യുദ്ധഭൂമിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ആര്യ എന്ന പെൺകുട്ടിയും. നാട്ടിലേക്ക് മടങ്ങുന്ന തനിക്കൊപ്പം തന്റെ പ്രിയപ്പെട്ട വളർത്തുനായ സൈറയെക്കൂടി കൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആര്യയുടെ വാർത്തകളും ചിത്രങ്ങളുമൊക്കെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ യുദ്ധഭൂമിയിൽ നിന്നുള്ള ഒരു ആശ്വാസ വാർത്തയാകുകയാണ് ആര്യയും സൈറയും നാട്ടിലെത്തിയെന്നത്.
യുക്രൈനില്‍ നിന്ന് മടങ്ങാന്‍ നിര്ബന്ധിതയായപ്പോഴും തന്റെ വളർത്തുനായ ഇല്ലാതെ നാട്ടിലേക്കില്ല എന്നുറപ്പിച്ചതാണ് ആര്യ. അതിര്‍ത്തികളിലെ പ്രതിസന്ധികളും വളര്‍ത്തുമൃഗങ്ങളെ അതിര്‍ത്തിക്കപ്പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിയമങ്ങളെയും മറികടന്ന് ഇപ്പോഴിതാ സൈറയ്ക്കൊപ്പം ഡൽഹിയിൽ എത്തിയിരിക്കുകയാണ് ആര്യ. ഇതിനായി ആര്യയ്ക്ക് സഹായഹസ്തം നീട്ടിയത് മഹേഷ് എന്ന സൈനികനാണ്.
സൈബീരിയന്‍ ഹസ്കി ഇനത്തില്‍പെട്ട സൈറയ്ക്ക് അഞ്ച് മാസമാണ് പ്രായം. മാസങ്ങളായി ആര്യയ്ക്ക് തുണയായി ഉള്ള സൈറയെ അവിടെ ഉപേക്ഷിച്ച് വരാൻ മനസുവരാതിരുന്ന ആര്യയുടെ മൃഗസ്നേഹവും നിസ്സഹായാവസ്ഥയും പറഞ്ഞുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ആര്യയ്ക്ക് പിന്തുണയുമായി നിരവധിപ്പേർ എത്തിയിരുന്നു.
എന്നാൽ നാട്ടിലേക്കുള്ള വരവ് സൈറയെ സംബന്ധിച്ച് അതികഠിനമായിരുന്നു, ഇരുപത് മണിക്കൂറിലേറെ യുക്രൈനിലെ അതിശൈത്യത്തെയും മറികടന്നാണ് ആര്യയ്ക്കൊപ്പം സൈറ അതിര്‍ത്തിയില്‍ എത്തിയത്. പിന്നീട് അവിടെ നിന്നും നാട്ടിലേക്കുള്ള യാത്രയും. എന്നാൽ പ്രിയപ്പെട്ടവൾക്കൊപ്പം തന്നെയാണ് താൻ എന്ന ആശ്വാസത്തിലായിരിക്കും ആ മിണ്ടാപ്രാണിയും.
Read also: ‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം
അതേസമയം മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് പ്രകാരം മൃഗങ്ങളെ കൊണ്ടുവരുന്നതിന് മുൻപ് പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും വാക്സിനേഷന് നല്‍കണം. ഒപ്പം മൈക്രോചിപ്പ് നല്‍കുകയും പേവിഷബാധയ്ക്കുള്ള രക്തപരിശോധന നടത്തുകയും വേണ്ടതുണ്ട്. എന്നാൽ നിലവിൽ യുക്രൈനിലെ സാഹചര്യം കണക്കിലെടുത്ത് റൊമാനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ഇപ്പോൾ ഈ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പക്ഷെ ഒരാള്‍ക്ക് അഞ്ച് വളര്‍ത്തുമൃഗങ്ങളെ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു.
Story highlights; Arya reached with her pet dog Saira