ജീവനറ്റ സുഹൃത്തിന് കൂട്ടത്തോടെ വിടനൽകുന്ന നായ്ക്കൾ, നൊമ്പരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ചിത്രം

March 3, 2022

പ്രിയപ്പെട്ടവർ മരിച്ചാൽ നമ്മൾ എന്താണ് ചെയ്യുക… അവസാനമായി ഒരുനോക്ക് കണ്ട്, കണ്ണീരോടെ അവർക്ക് വിടനൽകും. എന്നെന്നേക്കുമായുള്ള യാത്രപറച്ചിലോളം വേദനയുള്ള മറ്റൊരു കാര്യവും ഇല്ല, അത്രമേൽ ദുഖകരമാണ് ഈ അവസ്ഥ. ഇപ്പോഴിതാ അത്തരത്തിൽ ഒരവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഒരു കൂട്ടം നായ്ക്കൾ. മനുഷ്യർക്കിടയിൽ മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കിടയിലുമുണ്ട് ഇത്തരം വേദനാജനകമായ യാത്രപറച്ചിലുകൾ. സമൂഹമാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതും ഇത്തരത്തിലൊരു യാത്രപറച്ചിലിനാണ്.

ജീവനറ്റ ഒരു നായയുടെ അരികിൽ നിൽക്കുന്ന ഒരു കൂട്ടം നായകളെയാണ്ചിത്രത്തിൽ കാണുന്നത്. കുഴിയിൽ കിടത്തിയിരിക്കുന്ന നായയുടെ ജീവനറ്റ ശരീരത്തിനരികിൽ നിന്ന് മൂക്കുകൊണ്ട് കുഴിയിലേക്ക് മണ്ണ് തട്ടിയിടുകയാണ് മറ്റ് നായകൾ. കണ്ടുനിൽക്കുന്നവരുടെ മുഴുവൻ കണ്ണിനിറയ്ക്കുന്ന ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ്. 45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ ‘ഇത് മൃഗങ്ങൾ തന്നെയാണോ’ എന്ന ക്യാപ്‌ഷനോടെ ട്വീറ്റ് ചെയ്തിരിക്കുകയാണ് അവനീഷ് ശരൺ. അതേസമയം ഇത് എവിടെയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം പിളർക്കുന്ന വിഡിയോയാണ് അവനീഷ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് കാഴ്ച്ചക്കാരെയും നേടിക്കഴിഞ്ഞു ഈ ഹ്രസ്വ വിഡിയോ.

Read also: ‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം

പരസ്പരമുള്ള സ്നേഹവും കരുതലുമൊക്കെ മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഉണ്ടാകാറുണ്ട് എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രം. മനുഷ്യരോടും ഏറ്റവും കൂടുതലും നന്ദിയും സ്നേഹവുമുള്ള വളർത്തുമൃഗം നായയാണ്. ഉടമസ്ഥരോടുള്ള നായകളുടെ സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. വീടുകളിൽ നായകളെപ്പോലുള്ള വളർത്തു മൃഗങ്ങൾ ഉള്ളത് നല്ലതാണെന്ന് പഠനങ്ങൾ പോലും തെളിയിച്ചതാണ്.

Story highlights; video of dogs bidding an emotional goodbye to their friend