ഒരിക്കൽ വിഷാദരോഗത്തിനടിമ, പിന്നീട് ലോകചാമ്പ്യൻ; ഒടുവിൽ റിട്ടയർമെന്റ്- കായികരംഗത്തെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ
അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ടെന്നീസ് ലോകത്ത് നിന്ന് പുറത്തു വന്നിരിക്കുന്നത്. ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്ലി ബാർട്ടി വിരമിച്ച വാർത്തയാണ് ടെന്നീസ് ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയത്. 114 ആഴ്ചയായി തുടർച്ചയായി വനിതാ ടെന്നീസിൽ ഒന്നാം നമ്പർ സ്ഥാനം നിലനിർത്തിയ ആഷ്ലി ഇരുപത്തിയഞ്ചാം വയസ്സിലാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരിയിലാണ് ഓസ്ട്രേലിയക്കാരിയായ ആഷ്ലി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്നത്. 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ഓസീസ് താരമായി മാറുകയായിരുന്നു ഇതോടെ ആഷ്ലി ബാർട്ടി. നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) എതിരാളിയായ യുഎസ് താരം ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയ ആഷ്ലി ടൂര്‍ണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെയാണ് കിരീടം സ്വന്തമാക്കിയത്.
കായിക രംഗത്തെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥയാണ് 25 കാരിയായ ആഷ്ലി ബാർട്ടിയുടേത്. ആദ്യമായി നാലാം വയസ്സിലാണ് ആഷ്ലി റാക്കറ്റ് കയ്യിലെടുക്കുന്നത്. ആറാം വയസ്സിൽ ആദ്യ കിരീടം സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് നിരവധി ജൂനിയർ ടെന്നീസ് ടൂർണമെന്റുകളിൽ ചാമ്പ്യനായി. 15-ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടിയ ആഷ്ലി അതേ വര്‍ഷം വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടി.
പക്ഷെ ടൂര്‍ണമെന്റുകൾക്ക് വേണ്ടിയുള്ള തുടർച്ചയായ യാത്രകൾ ആഷ്ലിയെ മടുപ്പിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ആഷ്ലി അതേ ഏകാന്തതയെ വെറുത്ത് തുടങ്ങി. പതുക്കെ വിഷാദ രോഗത്തിലേക്ക് വീണ് തുടങ്ങിയ താരം തന്റെ പതിനേഴാം വയസ്സിൽ തൽക്കാലത്തേക്ക് ടെന്നീസ് കോർട്ടിനോട് വിട പറയാൻ തീരുമാനമെടുത്തു. അതിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്കാണ് ആഷ്ലി എത്തിയത്. ടീം സ്പിരിറ്റിന്റെ ആവേശത്തിൽ താരം പതുക്കെ തന്റെ ഏകാന്തതയുടെ വിഷമങ്ങൾ മറന്ന് തുടങ്ങി. ഓസ്ട്രേലിയയുടെ ആഭ്യന്തര ട്വന്റി-20 ലീഗ് ആയ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബേന്‍ ഹീറ്റ്സിനായി 10 മത്സരങ്ങള്‍ കളിച്ചു.
Read More: പാട്ട് വേദിയിൽ മൊഞ്ചുള്ള പാട്ടുമായി വൈഗകുട്ടി; വേദിയിലേക്കിറങ്ങി വന്ന് അഭിനന്ദിച്ച് വിധികർത്താക്കൾ
രണ്ടു വര്‍ഷത്തെ ക്രിക്കറ്റിന് ശേഷം 2016-ല്‍ ആഷ്ലി വീണ്ടും കോര്‍ട്ടിലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ഫ്രഞ്ച് ഓപ്പൺ നേടിക്കൊണ്ട് താരം തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടി. 2021-ൽ വിംബിള്‍ഡണ്‍ നേടി 41 വര്‍ഷത്തിന് ശേഷം സിംഗിള്‍സില്‍ ആ നേട്ടം സ്വന്തമാക്കുന്ന വനിതാ ഓസീസ് താരമായി മാറിയ ആഷ്ലി സ്വന്തം നാട്ടിൽ 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാവുന്ന ഓസ്ട്രേലിയക്കാരിയായും ഒടുവിൽ റെക്കോർഡിട്ടു.
ഇന്ന് ആഷ്ലി ടെന്നീസ് കോർട്ടിനോട് എന്നന്നേക്കുമായി വിട പറയുമ്പോൾ ലോകമെങ്ങുമുള്ള കായിക പ്രേമികളുടെ ഉള്ളിൽ അതൊരു നൊമ്പരമായി മാറുകയാണ്.
Story Highlights: Ashleigh barty retirement