ജോജുവിനൊപ്പം ആത്മീയ രാജൻ; ‘ജോസഫി’ന് ശേഷം വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ

March 27, 2022

മികച്ച ജനസ്വീകാര്യത നേടിയ ചിത്രമാണ് ജോജു ജോർജ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ്. ജോജുവിന്റെ കരിയർ തന്നെ മാറ്റിയ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടിയാണ് ആത്മീയ രാജൻ. ചിത്രത്തിൽ ജോജുവിന്റെ ഭാര്യയുടെ വേഷത്തിലാണ് ആത്മീയ എത്തിയത്. ഇരുവരും ഒന്നിച്ചുള്ള പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജോജുവിനൊപ്പം ആത്മീയ എത്തുന്ന മറ്റൊരു ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നവാഗതനായ ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നിതുല കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ആത്മീയ സിനിമയിൽ അവതരിപ്പിക്കുന്നത്.

 സംവിധായകൻ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജുവിന് പുറമെ അനശ്വര രാജൻ, അഞ്ജലി നായർ, കേതകി നാരായണൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതം പറയുന്ന ചിത്രമാണ് അവിയൽ. സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള ആളാണ് കൃഷ്ണൻ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, ഉൾപ്പെടെയുള്ള വിവിധ കാലഘട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്. രണ്ട് വർഷങ്ങൾ കൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. സിനിമയിലേതായി അടുത്തിടെ പുറത്തുവന്ന ഗാനവും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: 42 ആം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് കിരീടം- ശ്വേതയ്ക്കിത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള സ്വപ്ന സാഫല്യം

നിറയെ സസ്പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒരു സൂചനയും നൽകാത്ത രീതിയിലാണ് ടീസർ ഒരുക്കിയത്. സിനിമയുടെ ട്രെയ്‌ലറും ഏറെ കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തുന്നത്. അതേസമയം ഏപ്രിൽ ഏഴ് മുതലാണ് സിനിമ റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസ് ആയിരിക്കും സിനിമ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story highlights: athmiya rajan with Joju new film