തുടർച്ചയായ വിജയങ്ങൾ; ബാഴ്‌സയ്ക്കിത് തിരിച്ചുവരവിന്റെ ദിനങ്ങൾ
പഴയ ബാഴ്‌സലോണയുടെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ടീം. ഏറ്റവും മോശം പ്രകടനത്തിലൂടെ ലാ ലീഗയിൽ ഒൻപതാം സ്ഥാനത്തേക്ക് വരെ പിന്തള്ളപെട്ടിരുന്നു ബാഴ്‌സ. തുടർച്ചയായ തോൽവികളും സമനിലകളും ബാഴ്‌സയെ പോയിന്റ് പട്ടികയിൽ താഴെയെത്തിച്ചു. 20 വർഷങ്ങൾക്കിടയിൽ ആദ്യമായി യുവേഫ ചാപ്യൻസ് ലീഗിൽ ടീം പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.
എന്നാൽ ബാഴ്‌സയിപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. മുൻ ബാഴ്‌സലോണ താരം കൂടിയായ സാവി ഫെർണാണ്ടസ് ടീമിന്റെ കോച്ചായി എത്തിയതിന് ശേഷമാണ് ടീം ലീഗ് മത്സരങ്ങളിൽ വിജയിച്ചു തുടങ്ങിയത്. ഈ സീസണിൽ ആദ്യ നാലിലെങ്കിലും ഇടം പിടിക്കാൻ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്ന ആരാധകർക്ക് ആവേശമായി തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സ.
വലിയ അഴിച്ചുപണിയാണ് സാവി ടീമിൽ നടത്തിയത്. ടീമിന്‍റെ മുൻനിരയുടെ മൂർച്ച കൂട്ടാൻ ഫെറാൻ ടോറസ്, പിയറി എമറിക് ഔബാമിയാങ്, അദമ ട്രവോറെ എന്നിവരെ ടീമിലെത്തിച്ചുു. ഒപ്പം മുൻ ബാഴ്‌സ വിങ്ങർ കൂടെയായിരുന്ന ഡാനി ആൽവസും ടീമിൽ തിരിച്ചെത്തി.
കഴിഞ്ഞ മത്സരത്തിൽ എല്‍ഷെക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബാഴ്‌സ തകർപ്പൻ വിജയം സ്വന്തമാക്കിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളിയാണ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ബാഴ്‌സയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച അത്‌ലറ്റിക്കോക്കും 48 പോയിന്‍റാണുള്ളത്. 63 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് പോയിന്‍റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ അത്‌ലറ്റിക്ക് ബിൽബാവോയേയും വലൻസിയയേയും യൂറോപ്പാ ലീഗിൽ നാപ്പോളിയേയുമാണ് ബാഴ്‌സ വൻ മാർജിനുകളിൽ തകർത്തത്.
Story Highlights: Barcelona’s return in la liga