നിങ്ങൾ തകർത്തത് ഞാൻ വീണ്ടെടുക്കുമ്പോൾ…; ശ്രദ്ധനേടി വനിതാദിനത്തിൽ ചലച്ചിത്രതാരം ഭാവന പങ്കുവെച്ച കുറിപ്പ്
ഇന്ന് മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനുമാണ് ഈ ദിനം. ഈ ദിനത്തിൽ വനിതാ ദിന ആശംസകൾ നേർന്നുകൊണ്ട് പ്രമുഖർ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ചലച്ചിത്രതാരം ഭാവന ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പാണ്. ‘ഗ്രേസ് അനാട്ടമി’ എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് ചിത്രത്തിനൊപ്പം ഭാവന കുറിച്ചിരിക്കുന്നത്. ‘നിങ്ങള്‍ നശിപ്പിച്ചത് ഞാൻ എങ്ങനെ വീണ്ടെടുക്കുന്നുമെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഞാൻ ഒരുക്കമല്ല’- എല്ലാവർക്കും വനിതാ ദിനാശംസകൾ എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. ഭാവനയുടെ മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് താരം ഇങ്ങനെ കുറിച്ചത്.
അതേസമയം, മലയാളത്തിനപ്പുറം അന്യഭാഷകളിലും ശ്രദ്ധനേടിയ താരമാണ് ഭാവന. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ‘നമ്മള്’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.
Read also:ബസ് ഡ്രൈവർ തളർന്നുവീണപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകയായ യോഗിത, വിഡിയോ
വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇൻസ്പെക്ടർ വിക്രമാണ് താരത്തിന്റേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന കന്നഡ ചിത്രം.
Story highlights: Bhavana Post About Women’s Day