‘നവ്യാ എന്തൊരു തിരിച്ചുവരവാണ്’; ‘ഒരുത്തീ’ കാണേണ്ട സിനിമയെന്ന് ഭാവന

March 23, 2022

നവ്യ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തുകയാണ് നടി ഭാവന. മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ കൂടെ തെളിയിച്ചുവെന്നാണ് ഭാവന പറയുന്നത്. സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകൻ എന്നിവരെയും ഭാവന പ്രശംസിക്കുന്നുണ്ട്. അതേസമയം ഭാവനയുടെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് നവ്യയും എത്തി. ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവിനായി താനും കാത്തിരിക്കുന്നുവെന്നും നവ്യ ഫേസ്ബുക്കിൽ കുറിച്ചു

സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ഒരുത്തീ. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നായികാ പ്രാധാന്യമുള്ള സിനിമയാണ്. രാധാമണി എന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. കൊച്ചി ഫെറി സർവീസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രാധാമണി. ജീവിതത്തിൽ ഉണ്ടാകുന്ന അവസ്ഥകൾ ഒരു സ്ത്രീയെ ശക്തയാക്കുന്നതും, പിന്നീട് അതിന്റെ കരുത്തിൽ അവൾ പോരാടുന്നതുമാണ് സിനിമ പറയുന്നത്. നവ്യ നായർക്കൊപ്പം സിനിമയിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സൈജു കുറുപ്പാണ്. നവ്യയുടെ ഭർത്താവ് ശ്രീകുമാർ ആയാണ് സൈജു ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിൽ എസ് ഐ ആന്റണിയെ അവതരിപ്പിച്ചത് വിനായകനാണ്. ഒരേസമയം പരുക്കനായ പൊലീസ് ഓഫീസറായും സഹജീവി സ്നേഹമുള്ള മനുഷ്യനായും അവതരിക്കുന്നുണ്ട് വിനായകൻ. അന്തരിച്ച കെപിഎസി ലളിതയും സിനിമയിൽ എത്തുന്നുണ്ട്. രാധാമണിയുടെ സങ്കീർണതകൾ നിറഞ്ഞ ജീവിതംകണ്ട് ആകുലരാകുന്ന പ്രേക്ഷകരോട് നിരവധി കാര്യങ്ങൾ പറയുന്നുണ്ട് ഈ സിനിമ. 

അതേസമയം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവനയും. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

Story highlights: Bhavana praises Navya Nair oruthee