കേക്ക് മുറിച്ചാഘോഷിച്ച് ഭീഷ്മർ; ഭീഷ്മപർവ്വത്തിന്റെ വിജയം ‘ഏജന്റ്’ന്റെ സെറ്റിൽ

March 8, 2022

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. ‘ഭീഷ്മപർവ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കുകയാണ്. വലിയ ആവേശമാണ് മമ്മൂട്ടി ആരാധകർക്കും മലയാളി പ്രേക്ഷകർക്കും സിനിമയുടെ വിജയം പകർന്നത്.

ഇപ്പോൾ ഭീഷ്മപർവ്വത്തിന്റെ ഒരു വിജയാഘോഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഏജന്റിന്റെ സെറ്റിൽ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമാണ് ഭീഷ്മപർവ്വത്തിന്റെ വിജയം മമ്മൂട്ടി ആഘോഷിച്ചത്. ഏജന്റിന്റെ നിർമ്മാതാക്കളായ എ കെ എന്റർടെയ്ൻമെൻറ്സാണ് വിജയാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് ‘ഏജന്റ്’ സിനിമയിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായക കഥാപാത്രമായി എത്തുന്നത്. സൈനിക വേഷത്തിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ‘ദി ഡെവിൾ, റൂത്ത് ലസ്സ് സേവിയർ’ എന്ന ടാഗ് ലൈനോട് കൂടിയുള്ള പോസ്റ്റർ ട്വിറ്ററിലൂടെയാണ് പങ്കുവെയ്ക്കപ്പെട്ടത്.

Read More: വനിതാദിനത്തിൽ മകൾ ദിയയ്‌ക്കൊപ്പം ചുവടുവെച്ച് കൃഷ്ണകുമാർ- വിഡിയോ

‘സിബിഐ 5’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഏജന്റിന്റെ അടുത്ത ഷെഡ്യുളിൽ എത്തിയത്. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം കോവിഡ് മൂലം മുടങ്ങിയിരുന്നു. ക്യാമിയോ റോളിൽ മമ്മൂട്ടി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രത്തെ താരം അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.

Story Highlights: Bheeshmaparvam success celebration