ചൂടുകാലത്ത് ആശ്വാസമാകുന്ന സംഭാരം; കുടിയ്ക്കും മുൻപ് ശ്രദ്ധിക്കണം ഇക്കാര്യങ്ങളും

March 12, 2022

അന്തരീക്ഷത്തിലെ ചൂട് കൂടിത്തുടങ്ങി. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നിരവധി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന ഈ കാലാവസ്ഥയില്‍ സംഭാരം (മോര്) കുടിക്കുന്നത് നല്ലതാണ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ചൂടുകാലാവസ്ഥയില്‍ ശരീരം തളരുന്നതിന് നല്ലൊരു പരിഹാരമാണ് മോര്. എന്നാൽ സംഭാരം കുടിയ്ക്കുന്നതിന് മുൻപ് ഇവയുടെ ഗുണനിലാരം ഉറപ്പുവരുത്തേണ്ടതും അത്യവശ്യമാണ്. കാരണം ഗുണനിലവാരമില്ലാത്ത സംഭാരം കുടിയ്ക്കുന്നത് ചിലപ്പോൾ മറ്റ് പല അസുഖങ്ങൾക്കും കാരണമായേക്കാം.

നിരവധി പോഷകങ്ങളും മോരില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് ചായയ്ക്കും കാപ്പിയ്ക്കും പകരം പഴച്ചാറുകളും സംഭാരം പോലുള്ള പാനീയങ്ങളും കുടിയ്ക്കാം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. ധാരാളം ഗുണങ്ങളുള്ള മോര് ചൂടുകാലത്ത് ശീലമാക്കിയാല്‍ ക്ഷീണത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.

സംഭാരം തയാറാക്കേണ്ട രീതി: ചൂടുകാലത്ത് വീടുകളിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് മോര്. ഇതിനായി വെള്ളം ചേര്‍ത്ത തൈരില്‍ അല്പം ചെറിയുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്താല്‍ സംഭാരം റെഡി.

Read also: പച്ചാളം ഭാസിയെ പരിചയപ്പെടുത്താൻ നവരസങ്ങൾക്കൊപ്പം മിയയുടെ ചില പ്രത്യേകഭാവങ്ങളും; ചിരി വിഡിയോ

അതേസമയം കേരളത്തില്‍ വേനല്‍ച്ചൂട് വര്‍ധിക്കുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

Story highlights: Buttermilk with spices