ചെന്നൈക്ക് ആശങ്കയായി ചാഹറിന്റെ പരിക്ക്; പകുതിയോളം ഐപിഎൽ മത്സരങ്ങൾ നഷ്ടപ്പെടാൻ സാധ്യത
വീണ്ടും കിരീടനേട്ടത്തിനായി ഐപിഎല്ലിന് ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ആദ്യ തിരിച്ചടി. വലതുകാലിലെ പേശികൾക്കേറ്റ പരിക്ക് കാരണം ദീപക് ചാഹറിന് പകുതിയോളം മത്സരങ്ങൾ നഷ്ടമാകുമെന്നുറപ്പായി. ഏറ്റവും കുറഞ്ഞത് എട്ടാഴ്ചയെങ്കിലും വിശ്രമം ചാഹറിന് വേണ്ടി വരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരയിലെ അവസാന മത്സരത്തിലാണ് ചാഹറിന് പരിക്കേറ്റത്. ”ചാഹറിന് ചുരുങ്ങിയത് എട്ടാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരും. അതിനര്‍ത്ഥം അദ്ദേഹത്തിന് ഐപിഎല്ലില്‍ പകുതി മത്സരങ്ങളെങ്കിലും നഷ്ടമാവും”- എന്ന് ബിസിസിഐ വ്യക്തമാക്കി.
ഐപിഎൽ മെഗാതാരലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായിരുന്നു ദീപക് ചാഹർ. 14 കോടി മുടക്കിയാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ടീമിലെത്തിച്ചത്. 2018 ലാണ് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമാകുന്നത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ചെന്നൈ നേടിയപ്പോൾ ബാറ്റുകൊണ്ടും പന്തുകൊണ്ടും ചാഹർ നിർണായക പങ്കുവഹിച്ചു. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം നേടിയത്. പരിക്കിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചാഹര്‍ 26 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വാലറ്റത്ത് ബാറ്റുകൊണ്ടും തിളങ്ങാല്‍ കെല്‍പ്പുള്ള താരമാണ് ചാഹര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
നേരത്തെ ചെന്നൈയിൽ തിരിച്ചെത്തിയ സന്തോഷം പ്രകടിപ്പിച്ച് ചാഹർ പങ്കുവെച്ച വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ചെന്നൈ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്നാണ് ചാഹർ പറഞ്ഞത്. തന്നെ ഇത് വരെ എത്തിച്ചത് ചെന്നൈ ക്യാപ്റ്റനായ ധോണിക്ക് തന്നിലുണ്ടായിരുന്ന വിശ്വാസമാണെന്നും ചാഹർ കൂട്ടിച്ചേർത്തു.
Story Highlights: Chahar’s injury