ചെരുപ്പ് തുന്നൽക്കാരിയിൽ നിന്നും സൂപ്പർ മോഡലിലേക്ക്- ജീവിതത്തിലും ജീവിതം കൊണ്ടും മോഡലായ ഒരമ്മ
ചെരുപ്പ് തുന്നൽക്കാരിയിൽ നിന്നും സൂപ്പർ മോഡലിലേക്ക്- കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം, കാരണം ഒരൊറ്റ നിമിഷം മതി ചില ജീവിതങ്ങൾ മാറിമറയാൻ, ചിലപ്പോൾ അതൊരൊറ്റ ക്ലിക്കിലൂടെയുമാകാം. പറഞ്ഞുവരുന്നത് കൊടുവള്ളി ബസ് സ്റ്റാൻഡിന്റെ പരിസരത്ത് ഇരുന്ന് ചെരുപ്പ് കുത്തുന്ന ഒരു അമ്മച്ചിയെക്കുറിച്ചാണ്. വർഷങ്ങളായി ഈ പരിസരത്ത്, അരികത്ത് കുറെ ചെരുപ്പുകളുമൊക്കെയായി തിരക്കിട്ടിരുന്ന് ചെരുപ്പ് കുത്തുകയായിരുന്നു ക്രിസ്റ്റീനാമ്മ എന്ന എഴുപതുകാരി. തനിക്കടുത്തെത്തുന്ന ആളുകളോട് സൗമ്യമായി സംസാരിക്കുന്ന ഈ അമ്മയിപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ മോഡലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാർച്ച് എട്ട് വനിതാ ദിനത്തിലാണ് ഫോട്ടോഗ്രാഫർ സുബാഷ് കൊടുവള്ളിയുടെ ക്യാമറക്കണ്ണുകൾ ഈ അമ്മയെത്തേടിയെത്തിയത്. അങ്ങനെ ജീവിതത്തിലെ പോരാട്ടങ്ങളെ ചിരിച്ചുകൊണ്ട് അതിജീവിക്കുന്ന ഈ അമ്മയുടെ മുന്നിലേക്ക് സുബാഷും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എത്തി, ക്രിസ്റ്റീനാമ്മയെ ഒരു പുതിയ രൂപത്തിലേക്ക് മാറ്റുക എന്നത് പോപ്പിൻസ് ആഡ് മേക്കോവറും ഏറ്റെടുത്തു. അങ്ങനെ ജീവിതത്തിലെ എല്ലാ വേദനകൾക്കിടയിലും ഒരു ചെറുപുഞ്ചിരിയോടെ മറ്റുള്ളവർക്ക് മുഴുവൻ പ്രചോദനമാകുന്ന ഈ അമ്മയുടെ ജീവിതം സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. അതേസമയം മരചുവട്ടിലിരുന്ന് ചെരുപ്പുകുത്തി എല്ലാവരോടും കൊച്ചുവർത്തമാനങ്ങളും പറഞ്ഞിരിക്കുന്ന ഈ അമ്മയുടെ പുതിയ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് കൊടുവള്ളിയിൽ ജനങ്ങൾ.
കഴിഞ്ഞ 35 വർഷങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്തുനിന്നും ക്രിസ്റ്റീനാമ്മ താമരശ്ശേരി അമ്പായത്തോട്ടിലേക്ക് എത്തിയത്. അവിടെ നിന്നും പിന്നീട് കടുംബത്തോടൊപ്പം കൊടുവള്ളിയിലേക്കും. അവിടെ സ്ഥിരതാമസമാക്കിയ ക്രിസ്റ്റീനാമ്മ വർഷങ്ങളായി ഈ മരചുവട്ടിലിരുന്ന് ചെരുപ്പ് തുന്നുന്ന ജോലിയിലാണ്. ഭർത്താവിന്റെ മരണശേഷം തനിച്ചായ ക്രിസ്റ്റീനാമ്മയ്ക്ക് രണ്ട് മക്കളുണ്ട്. അവർ തിരുവനന്തപുരത്താണ്, ഇടയ്ക്ക് അവർ അമ്മയെ കാണാനായി നാട്ടിലെത്തും. എന്നാൽ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഈ അമ്മ വാടകയ്ക്കാണ് താമസം. പ്രായത്തിന്റെ അവശതകൾക്കിടയിലും ജീവിതമാർഗത്തിനായി ജോലി ചെയ്യുന്ന ഈ ‘അമ്മ ഇപ്പോൾ ജീവിതത്തിൽ മാത്രമല്ല, ജീവിതം കൊണ്ടും ഒരു മോഡലായി മാറിയിരിക്കുകയാണ്.
Story highlights: cobbler Christina make over photoshoot