‘ഈ സീസണിൽ കോലി കളിക്കുന്നത് സമ്മർദ്ദങ്ങളില്ലാതെ, 600 ൽ അധികം റൺസ് നേടും’; പ്രവചനവുമായി ഡിവില്ലിയേഴ്‌സ്
കുറച്ച് നാളുകളായി ഫോം തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ദേശീയ ടീമിന്റെയും ഐപിഎല്ലിൽ ആർസിബിയുടെയും നായകനായി വലിയ സമ്മർദങ്ങളിലൂടെയാണ് കോലി കഴിഞ്ഞ കുറച്ച് നാളുകളായി കടന്ന് പോയിക്കൊണ്ടിരുന്നത്. ഇത് കോലിയുടെ ബാറ്റിങ്ങിനെയും കാര്യമായി ബാധിച്ചിരുന്നു. ഒടുവിൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായാണ് കോലി ഇന്ത്യൻ ദേശീയ ടീമിന്റെയും ആർസിബിയുടെയും നായകസ്ഥാനം ഒഴിഞ്ഞത്.
ഇപ്പോൾ തന്റെ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നുവെന്നുള്ള സൂചനയാണ് കോലി നൽകുന്നത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെയുള്ള തന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് കോലി കാഴ്‌ചവച്ചത്. മൂന്നാമനായി ക്രീസിലെത്തിയ കോലി രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെ 41 റൺസാണ് നേടിയത്. കോലി ഇനിയങ്ങോട്ട് മികച്ച പ്രകടനമായിരിക്കും കാഴ്‌ച വയ്ക്കുകയെന്ന് ആരാധകരും കരുതുന്നു.
കോലിയെ പ്രശംസിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ആർസിബി താരമായ ഡിവില്ലിയേഴ്‌സ്. കോലി 600 ലധികം റൺസ് ഈ സീസണിൽ നേടുമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. കോലിയുടെ പ്രകടനം ബാംഗ്ലൂരിന് ഏറെ നിർണായകമാണെന്നും ക്യാപ്റ്റൻ സ്ഥാനത്തിന്റെ സമ്മർദ്ദങ്ങളില്ലാത്ത കളിക്കുന്ന കോലി മികച്ച പ്രകടനം തന്നെയായിരിക്കും കാഴ്‌ച വയ്ക്കുകയെന്നും കോലിയുടെ സുഹൃത്ത് കൂടിയായ ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു. ”വിരാട് കോലി ഇത്തവണ അറൂന്നൂറിലേറെ റണ്‍സ് നേടുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് സമ്മർദ്ദമില്ലാതെ കളിക്കാനാവും. കോലിയുടെ പ്രകടനം ബാംഗ്ലൂരിന് ഏറെ നിര്‍ണായകമാണ്.” ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേ സമയം ആര്‍സിബിയുടെ ഗ്ലെൻ മാക്‌സ്‌വെല്ലും കോലിയെ പറ്റി സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. കോലിയുടെ ഫോം എക്കാലവും എതിർ ടീമിന് തലവേദനയാവുന്നതാണെന്നും ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ഇറങ്ങുന്ന കോലി കൂടുതൽ അപകടകാരിയാവുമെന്നും ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.
Story Highlights: De Villiers prediction about kohli